Sunday, December 18, 2011

ഒരു മഞ്ഞുകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്



കോടമഞ്ഞിന്‍ പുതപ്പണിഞ്ഞ

കൊടൈക്കനാലില്‍ നമ്മള്‍ കണ്ട

കാഴ്ചകള്‍ ഇന്നും മനസ്സില്‍

മഞ്ഞുമൂടിഒരു നേര്‍ത്ത നൊമ്പരമായ്.


മഞ്ഞിന്‍റെ മറവില്‍ നമ്മള്‍

കണ്ട വിടര്‍ന്ന കണ്ണുള്ള

ഷാള്‍വില്പ്പനക്കാരിയെ ആരും

കാണാതെ കണ്ണിറുക്കി കാട്ടിയത്;

എന്നിട്ട് തെല്ലിട പൊട്ടിച്ചിരിച്ചത്.


കയ്യില്‍ കരുതിയ ക്യാമറയില്‍

നിന്‍ ചിത്രം പകര്‍ത്താന്‍ എന്ന

വ്യാജേന; മഞ്ഞചുരിദാര്‍ കാരിയെ

പകര്‍ത്തി നിര്‍വൃതി അടഞ്ഞത്.


ഒരിക്കലും വാടാത്ത പൂക്കുല

പേറിയപെണ്ണിന്‍ മുഖം വിളറി-

വാടുന്നത് വിശപ്പുകൊണ്ടാകാം!

എന്ന് നീ തപം പൂണ്ട്പറഞ്ഞതും.


പ്രകൃതി തണുപ്പിച്ച പഴങ്ങള്‍

പല്ലുമരവിപ്പിച്ചതും; പാട്ടും-

ബഹളവും ഉല്ലാസത്തിനു ചായം

പകര്‍ന്ന് ചങ്ങാതിച്ചിരികളായതും.


മഞ്ഞിന്‍ തണുപ്പ് നിന്‍ കര്‍ണ്ണത്തില്‍

നോവിന്‍റെ നീരിറ്റിച്ചതും; നോവാല്‍

എന്‍ തോളില്‍ ചാഞ്ഞ് മയങ്ങിയതും,

സൌഹൃദ സ്പന്ദനതാളമറിഞ്ഞതും.


ഒടുവില്‍ മഞ്ഞുകാലം കഴിഞ്ഞനേരം

വിടവാങ്ങല്‍ പറവകള്‍ ചിറകടിച്ചതും;

ജീവിത യാത്രയില്‍ വഴിപിരിഞ്ഞതും,

ഉല്ലാസയാത്ര ആല്‍ബത്തില്‍ പതിഞതും.


പിന്നെയും ചങ്ങാത്തം അക്ഷരഗന്ധം

പേറി ആശംസയായ്‌, കുശലമായ്,

എന്‍ വിലാസം തേടിയെത്തിയതും;

സഹൃദം നന്മയില്‍ വിളങ്ങിയതും.


ഒടുവില്‍ ചരമ കോളത്തില്‍ നീ

പുഞ്ചിരിതൂകി; നെഞ്ചില്‍കൊള്ളിയാന്‍

പോലുള്ള വാര്‍ത്തയായ് മറഞ്ഞതും,

മഞ്ഞുപോലെ നിന്‍ ജീവിതം പൊലിഞ്ഞതും.


എങ്കിലും നേര്‍ത്ത മഞ്ഞിന്‍ മറയില്‍ എന്‍-

മനോമുകുരത്തില്‍ ഇന്നും നിന്‍ തെളിഞ്ഞ

മുഖം സൌഹൃദ സ്മരണയായ്, നോവായ്‌,

കണ്‍കോണില്‍ ഒരു നനവിന്‍റെ കണികയായ്‌.....



[ ബിരുദ കാലഘട്ടത്തില്‍ എന്‍റെ കൂടെ പഠിച്ചിരുന്ന പ്രീയ സുഹൃത്ത് ശ്രീ സജിത് കുമാറിന്‍റെ സ്മരണകള്‍ക്ക് മുന്നില്‍ എന്‍റെ അശ്രുപൂജ. ഒടുവില്‍ ഒരു ഇരുചക്ര വാഹനാപകടത്തില്‍ ജീവിത യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു മടങ്ങിയ സുഹൃത്തിന് ആത്മശാന്തി നേര്‍ന്നു കൊണ്ട്.....]

No comments:

Post a Comment