Sunday, December 18, 2011

വഴിപോക്കന്‍


ഒരു ചിരി ഞാന്‍ കരുതിവെക്കാം

നീ വരുമ്പോള്‍ എന്‍ മനം മൂടാന്‍.

മാനം മൂടിയ മേഘക്കീറില്‍ മഴ

ഒളിച്ചിരിക്കുംപോല്‍, ഉഷ്ണ-

ക്കാറ്റില്‍ നീരാവിക്കണം പോല്‍;

പെയ്യാത്ത മഴയുടെ കുളിര്‍

സിരകളില്‍ ഉഷ്ണമാറ്റുമ്പോള്‍,

മുളയ്ക്കാന്‍ വിറപൂണ്ട വിത്ത്‌

മണ്ണില്‍ മുഖം പൂഴ്ത്തുംപോല്‍,

വഴിമറന്നൊരു വസന്തമായ്‌..

വെറുതെ നിനച്ചിരിപ്പൂ;

ഇരുണ്ട വഴിയുടെ അങ്ങേ-

ത്തലയ്ക്കല്‍ ഒരു തിരിനാളമായ്‌

നീ തെളിയുന്നതും തിളങ്ങുന്ന

നിന്മിഴിദീപങ്ങള്‍ നക്ഷത്ര വെട്ടം

പരത്തുന്നതും കാത്ത് ഞാന്‍ ഇങ്ങ്

ഈ ചുമടുതാങ്ങിച്ചോട്ടില്‍

താന്തനായ്‌,പഥേയമില്ലാപ്പഥികനായ്‌....

No comments:

Post a Comment