വേഗത്തില്‍ പിന്നോട്ട് നീങ്ങുന്നിലച്ചാര്‍ത്തില്‍
തൊട്ടു തലോടിയെന്‍ മുഖത്തിറ്റുന്ന;
അരുണകരംമുറിഞ്ഞതില്‍ കിനിയും ശോണിമ
എന്‍ കണ്ണില്‍ പുത്തന്‍ തിരിനാളമാകുന്നു.
പുത്തനാം കാഴ്ചകള്‍ ഭാവങ്ങള്‍ രൂപങ്ങള്‍
സമ്മാനിച്ചൊരു ദിനം കൂടി പിടഞ്ഞു മരിക്കുന്നു.
തീവണ്ടിയാപ്പീസില്‍ ജീവിതം വാര്‍ത്തയായ്
വില്‍ക്കുന്ന ബാലന്‍റെ കയ്യില്‍ നിന്നും-
തീവണ്ടി മുറിയിലെ കൂട്ടിനായ് കൂട്ടിയ
സായാഹ്നപത്രം ചവച്ചിറക്കീടാവേ;
ഏങ്ങിയും അലറിയും മുന്നോട്ടു പായുന്ന
ശകടത്തിന്‍ ഭ്രാന്തെന്നില്‍ മത്തു പടര്‍ത്തുന്നു.
തൊള്ളകീറി കരഞ്ഞെന്‍റെ ചിന്തയില്‍
തുളകള്‍ തീര്‍ക്കുന്ന കുഞ്ഞെന്‍റെ
സ്വൈര്യം തകര്‍ക്കുന്നു;
സാന്ത്വനത്തിന്‍റെ
അമൃതകുംഭങ്ങളാക്കുഞ്ഞിനൊരു
മരുപ്പച്ച നല്‍കവേ;
വിശപ്പിന്‍റെ കൂര്‍ത്ത നഖങ്ങള്‍ പള്ള കരളുംബോള്‍
ആത്മാവ് മുരളുന്നോരനാഥ ജന്മമെന്‍റെ
കരുണയ്ക്കായ് കരങ്ങള്‍ നീട്ടീടുന്നു;
ചൈതന്യം വറ്റിയ കണ്ണുകളില്‍ ദൈന്യത ഇതള്‍ വിടര്‍ത്തുന്നു.
തീവണ്ടിമുറിയിലെ തേവിടിശ്ശിക്കിളി കലപില കൂട്ടുന്നു;
ചിറകൊതുക്കി കണ്ണില്‍ മദജലം പുരട്ടി കടാക്ഷങ്ങളെയ്യുന്നു.
തോളിലെ ഭാണ്ഡത്തില്‍ ജീവിതം പേറുന്ന
ദേശാടനക്കിളികളെന്‍ മുന്നില്‍ ചടഞ്ഞുകൂടി;
അരിച്ചിറങ്ങുന്ന തണുപ്പകറ്റുവാന്‍,
ആത്മാവില്‍ ഭ്രാന്ത് പടര്‍ത്തുവാന്‍,
കഞ്ചാവ് പുകയ്ക്കുന്നു.
ആപ്പീസ് വിട്ടു കൂട്ടിലെ കുഞ്ഞിനായ് തീറ്റ-
കൊത്തിപ്പറക്കും തരുണിതന്‍ കൂന്തലില്‍
കുടുങ്ങിപ്പിടഞ്ഞമര്‍ന്നു കരിഞ്ഞോരാമുല്ലകള്‍;
എന്‍ കണ്‍കളില്‍ നനവു പടര്‍ത്തവേ...
കണ്ടറിഞ്ഞു ഞാന്‍ ജീവിതം!
എന്നും തിരക്കിട്ടുപായുന്ന, ഉള്ളില്‍ അഗ്നിപുകയുന്ന,
ഭ്രാന്തമായ് കുതിക്കുന്ന, തീ തുപ്പും ശകടമോ?!.
ചിന്തകള്‍ ചീന്തുകള്‍ ദ്വീപാക്കി മാറ്റിയ
തീവണ്ടിമുറിയില്‍ തീരമണയാന്‍...
എന്‍ ആത്മാവ് തുഴയാവേ..
ശമനതാളമായ്, ഭ്രാന്തായ് ,ആര്‍ത്തലച്ച്
മുന്നോട്ടു നീങ്ങി എന്‍ കണ്ണ് പൊത്താന്‍;
കണ്ണില്‍ തിമിരത്തിന്‍ മഷി പുരട്ടാന്‍, രാവണഞ്ഞു.
രാവിന്‍റെ കാളിമയില്‍ തെല്ല് സാന്ത്വനം തേടി ഞാന്‍...
എന്‍ മിഴികള്‍ പൂട്ടി; ഞാന്‍ എന്നിലേക്ക്,
എന്നിലെ എന്നിലേക്കുള്‍വലിഞ്ഞു ഞാന്‍...!!!
( ‘തീവണ്ടി മുറിയിലെ സന്ധ്യ’ എന്ന വിഷയത്തെ ആസ്പദമാക്കി കലാലയ കാലഘട്ടത്തില്‍ എഴുതിയ വരികള്‍; ചിതലരിച്ചു തുടങ്ങിയ ‘സ്മൃതി’യുടെ താളില്‍
നിന്നും.)
chithalaricha smruthiyde ullilekku ulvalinja kaviye purathekku kondu vanna kavitha shakalangal..manoharam
ReplyDeleteനന്ദി
ReplyDelete