Saturday, March 8, 2014

വേരുകള്‍


ചക്കരയുമ്മ തരുമായിരുന്ന മുത്തശ്ശന്‍ പോയപ്പോള്‍
കൂടെ തെക്കോട്ട്‌ പോയി
ചക്കരമാമ്പഴം പൊഴിച്ച്നിന്ന തേന്മാവ്

അടിവാരം തോണ്ടിയപ്പോള്‍ അടിവേര് കണ്ടതിനാല്‍
പിഴുതെറിയപ്പെട്ടു ചില ഇളനീര്‍ സ്മരണകള്‍

മുറ്റത്തെ ആഞ്ഞിലി കട്ടിളവെപ്പിന്‍ ദിനം സ്ഥാനമേറ്റു

തേനൂറും വരിക്കച്ചുള നല്‍കിയ പ്ലാവിന്‍ കാതല്‍
പുതിയവീടിന്‍ പ്രധാന കവാടത്തിനു കാവലാളായ്

ഇരിപ്പിടമൊരുക്കി സ്വീകരണ മുറിയില്‍
തൊടിയില്‍ തളിരിട്ടു നിന്ന പൂവരശു...

അങ്ങനെ അറുത്തുമാറ്റി ഞാനെന്‍ പൈതൃകത്തിന്‍
കടവേരുകള്‍ ....


വരണം നിങ്ങളും നവഗൃഹപ്രവേശന നാളില്‍ ...

Wednesday, February 5, 2014

ഗസല്‍



കനലെരിയുന്നോരെന്‍ കരളില്‍
നീ മധുമഴയായ് പെയ്തിന്നു നിറയൂ
മമ നൊമ്പരത്തിന്റെ തിരയടക്കാനിന്നു
മലര്‍മന്ദഹാസമായ് അണയൂ... മല്സഖീ...
മലര്‍മന്ദഹാസമായ് അണയൂ

പൂക്കാത്ത വാകതന്‍ ശാഖയില്‍ ഞാനിന്നു
പാടാന്‍ മറന്നൊരു രാപ്പാടിയായ് 
കൂടൊരുക്കാനായി നീയണയുന്നതും
കനവു കണ്ടിങ്ങനെ കാത്തിരിപ്പൂ... മല്സഖീ...
കനവു കണ്ടിങ്ങനെ കാത്തിരിപ്പൂ

എന്‍റെ കിനാക്കളില്‍ പൂക്കാലമേകാനായ്
എന്മനതാരില്‍  മകരന്ദമാവാനായ്
ഒടുവിലീ വിരഹത്തിന്‍ നദിതാണ്ടിയെത്തുന്ന
പുലരിത്തുടുപ്പായ് നീ അണയൂ...  മല്സഖീ...  
പുലരിത്തുടുപ്പായ് നീ അണയൂ 

കിസലയതുല്യമാം അന്ഗുലിത്തുമ്പാലെ
ആത്മാവിനെ തൊട്ടുണര്‍ത്തൂ  എന്നുടെ
നെറുകയില്‍ ഇറ്റുന്ന തൂമഞ്ഞിന്‍ തുള്ളിപോല്‍
സിരകളില്‍ നീ കുളിരേകൂ... മല്സഖീ...
സിരകളില്‍ നീ കുളിരേകൂ