Tuesday, October 16, 2012

ഭ്രമണം

തട്ടിത്തെറിപ്പിച്ച
പൂക്കൂടയിലെ
പൂക്കള്‍ പുലമ്പുന്നു;
ഇനിയൊരു പൂക്കാലം
നിനക്കന്യമാവട്ടെ...
ശാപഗ്രസ്തമായ
ഇരുണ്ട വഴികളില്‍
വിജനതയുടെ മൌനം
താണ്ടാന്‍, തളര്‍ന്ന
ചിറകുകള്‍ വീശി
ഇനിയെത്ര കാതം?!
ദിഗന്തങ്ങള്‍ നടുക്കുന്ന
ഇരംബങ്ങളെല്ലാം
മനസ്സില്‍ ഉരുവായി
കാതിലൊടുങ്ങുന്നു.
അപ്പോഴും നീ
കേള്‍ക്കാത്ത ഈണങ്ങള്‍
പൂമരച്ചോട്ടില്‍ നിനക്കായി
പെയ്തു തോരുന്നുണ്ടായിരുന്നു...
ഇനിയൊരു ഭ്രമണം
കഴിഞ്ഞു  വരുംന്നേരം;
ഈ നാദത്തിന്‍ അലകള്‍
ഒടുങ്ങാതിരുന്നെങ്കില്‍...!

വിഹ്വലതകള്‍

ചുറ്റപ്പെട്ടവരുടെയിടയില്‍
ഒറ്റയായൊഴുകിയപ്പോഴും
തൂവല്‍ കൊഴിച്ച് പറന്നകന്ന
ദിനപ്പറവയെ നോക്കി
ഇരവണയുന്നതും പാര്‍ത്ത്

അലകള്‍ അടങ്ങാത്ത തീരത്ത്‌
അരുണിമ പടര്‍ത്തിയ സന്ധ്യ-
തന്‍ കവിളിലെ കുങ്കുമച്ചാര്‍ത്തില്‍
വിരല്‍ മുക്കി വരച്ചതെന്‍ ഹൃദയം...

എന്നോര്‍മ്മതന്‍ നഭസ്സിലെ
മേഘപാളികളില്‍ പെയ്യാതെ
ഘനീഭവിച്ച ഹൃദയ സ്പന്ദനങ്ങള്‍
ഉഷ്ണപ്പറവകള്‍ റാഞ്ചിപ്പറക്കുന്നു.

ശിഥില ബിംബങ്ങള്‍ ചേര്‍ത്തു
വൈരൂപ്യത്തിന്റെ മൂശയില്‍
എനിക്കൊരു രൂപം മെനയണം;
ഉടച്ചും വാര്‍ത്തും അതിനായ്‌...

പൂക്കാത്ത കൊമ്പിന്‍ ചോട്ടില്‍
കൊഴിഞ്ഞ വസന്തത്തിന്‍റെ
ഊഷരതയുടെ പുതപ്പിനടിയില്‍
ഇനിയെനിക്കൊന്നുറങ്ങണം...

മറ്റൊരു പുലരിതന്‍ പുഞ്ചിരി
വന്നെന്നെ തൊട്ടുണര്‍ത്തുംവരെ...

Saturday, September 22, 2012

ഇരുട്ട്


ഏതോ ഒരമാവാസിയില്‍
ഇരുട്ടിന്‍റെ മറപറ്റി,

അനാഥത്വത്തിന്‍റെ ചട്ടചാര്‍ത്തി
ഒരു തൊട്ടിലില്‍ ത്യജിച്ചു.

ഇരുളില്‍ തള്ളിയ ജന്മം
ഇരുണ്ടവഴികളില്‍ ഒഴുക്കായി;

അഴുക്ക് ചാലില്‍ വിഴുപ്പലക്കി
വിശുദ്ധി നേടുന്ന പാതിവ്രത്യം!.

നാളെയൊരു കത്തിമുനയില്‍
ചാലിച്ച നിണവുമായ് അവന്‍?

അപ്പോഴും എരിയുന്ന മെഴുതിരി
മുന്നില്‍ അവള്‍ ഇരുണ്ട മനവുമായ്‌
വൃഥാ വെളിച്ചം തിരയുന്നുണ്ടാവാം...

Thursday, September 13, 2012

കനവുകള്‍




കലചക്രത്തിന്‍റെ 
ഘടികാര സൂചികള്‍
പിന്നിലേക്കാരേലും
ഒന്ന് തിരിക്കുമോ?

പിന്നിട്ട വഴികളില്‍ 
എന്നെ തിരയുവാന്‍ 
എനിക്കിനിയൊന്നു 
തിരിഞ്ഞു നടക്കണം...

ഇടറിവീഴുമ്പോള്‍ 
താങ്ങായ കരങ്ങളും
കയ്യൊഴിഞ്ഞിന്നു ഞാ-
നേകനായ് അലയുന്നു

ഇനിയെത്ര കാതം
കൂടി ചരിക്കണം?!.
ചിതറുന്ന ചിന്തകള്‍,
പതറുന്ന കാല്‍വെയ്പ്.

ഋതുഭേദ കന്യകള്‍
വാരി വിതറിയ
നിറമുള്ള ചിത്രങ്ങള്‍
ഇഴയൂര്‍ന്നു പിരിയുന്നു.

കാര്‍മേഘ കൂട്ടങ്ങള്‍
കവര്‍ന്നു കടന്നൊരാ-
ക്കതിരൊളി ചന്ദ്രിക
ചിരിതൂകിയെത്തുന്ന;
കനവുകള്‍ക്കായി
കാത്തിരിക്കുന്നു ഞാന്‍...

Monday, August 6, 2012

പാഠം

ഇന്നലെകള്‍ പഠിപ്പിച്ചത്
ഇന്നുകളെ കുറിച്ചല്ല,
എന്നെക്കുറിച്ചല്ല,
നിന്നെക്കുറിച്ചല്ല,
നമ്മെക്കുറിച്ചുമല്ല.

പഠിക്കാന്‍ മറന്നുപോയ
ഗൃഹപാഠങ്ങളില്‍,
വഴിയെഴുതാതെ ചെയ്ത
ഗണിതങ്ങളുടെ,
ശിഷ്ടങ്ങളെക്കുറിച്ച്.

അവയ്ക്കിടയിലെ
അക്ഷരത്തെറ്റുകളെക്കുറിച്ച്,

മന:പാഠമാക്കാന്‍ തന്ന
കവിതയുടെ
പൊരുളറിയാതെ
ചൊല്ലിത്തിമിര്‍ത്ത്
പ്രാണന്‍ കളഞ്ഞ്
വിരൂപമാക്കിയതിന്
ഇതാണു ശിക്ഷ

പത്ത് വട്ടം പകര്‍ത്തെഴുത്ത്;
എഴുതുമ്പോള്‍ ഉച്ചത്തില്‍ ചൊല്ലിയെഴുതണം.

Thursday, June 28, 2012

കതിരുകാണാക്കിളികള്‍.......





വയലും, വരമ്പും,
തെളിനീര്‍ച്ചോലയും,
മാനത്തുകണ്ണിയും,
മറവിയില്‍ മറയുന്നു.

കൊയ്ത്തുപാട്ടിന്നീണം
പഴമയില്‍ ഒടുങ്ങുന്നു;
കൊയ്ത്തും മെതിയും
ചരിത്രമായ്‌ മാറുന്നു.

വിതയ്ക്കാതെ, കൊയ്യാതെ
പാടിപ്പറന്നോരാ പൈങ്കിളിപ്പറ്റം
പഴിചൊല്ലിയകലുന്നു...

കാതങ്ങള്‍ താണ്ടി
പറന്നുതളര്‍ന്നോരാ
ദേശാടനക്കിളി
പരതിത്തളരുന്നു...

കൂടൊരുക്കാനൊരു
ചില്ലയും കാണാതെ
വേപധുവില്‍ മുങ്ങി
വിധിയെപ്പഴിക്കുന്നു.

മാനവചെയ്തികള്‍
മാറ്റിവരച്ചോരു
തലവിധി ധരയുടെ
ചേല് കെടുത്തുന്നു.

വേര്‍പ്പിന്‍ മണികളാല്‍
സ്വപ്നം വിതയ്ക്കുന്ന
വയലൊരുചിത്രമായ്‌
ചുവരില്‍ ഒതുങ്ങുന്നു...!!!

Saturday, May 5, 2012

അവന്‍









എന്നും നാലുമണിപ്പൂക്കള്‍
വിടര്‍ന്നു കഴിയുമ്പോള്‍

മാഞ്ചോട്ടിലെ കല്ലുകളോട്
മറതേടാന്‍ മാവ് കെഞ്ചുന്നു.

ചിരിച്ചു നിന്ന കശുവണ്ടി
ഉള്ളം പുകയ്ക്കുന്നു.

തോടിന്‍റെ ആഴമളന്നെത്തുന്ന
തോര്‍ത്തില്‍പ്പെടാതൊരു
പരല്‍മീന്‍ കിതയ്ക്കുന്നു.
ഓലപ്പന്തിന്‍റെ വേഗം കണ്ട്
തിരിഞ്ഞോടുമ്പോള്‍ കീശയില്‍
ഗോലികള്‍ ചിരിക്കുന്നു.

എപ്പോഴും എണ്ണം തെറ്റിച്ച്
മഞ്ചാടിയും കുന്നിമണിയും.

വഴിയരികിലെ മഷിത്തണ്ട്
കണ്ണ്പൂട്ടി പമ്മി നില്‍ക്കുന്നു.

നാളെയെങ്കിലും പെറ്റില്ലെങ്കില്‍....!!!!
പുസ്തകത്താളിലെ പേറ്റ്മുറിയില്‍
ഉള്‍ക്കിടിലത്തോടെ ഗര്‍ഭമില്ലാ മയില്‍പ്പീലി...

അപ്പോഴും പൊട്ടിയ സ്ലേറ്റിലൂടെ അവന്‍
ലോകം കണ്ട് പഠിക്കുകയായിരുന്നു...

Tuesday, April 24, 2012

നീ...



പാതിയില്‍ നിലച്ച വാക്കിലൂടെ

പറയാന്‍ ശ്രമിച്ചത്

നിന്നെക്കുറിച്ചായിരുന്നു...



എഴുത്ത് നിലയ്ക്കും മുന്‍പേ

മനസ്സില്‍ നിറഞ്ഞ കവിത

നിന്നെക്കുറിച്ചായിരുന്നു....



പറയാന്‍ കഴിയാതെ

പകര്‍ത്താന്‍ കഴിയാതെ പോയ

എന്‍റെ ഒടുവിലത്തെ കവിത നീയായിരുന്നു..........

Thursday, March 22, 2012

ചവറ്റുകുട്ട


മുറ്റത്തെ തുളസിത്തറയില്‍ വെള്ളം
ഒഴിക്കുന്നതിനിടയില്‍ ലക്ഷ്മി പറഞ്ഞു....’’നിങ്ങള്‍ ഇങ്ങനെ വെറുതെ
ഇരിക്കാതെ ആ കുട്ട്യോളെ ശ്രദ്ധിക്കൂ, കണ്ണ് തെറ്റിയാല്‍ നാലും
കൂടി തല്ലുണ്ടാക്കും.’’ വായിച്ചു കൊണ്ടിരുന്ന വര്‍ത്തമാനപ്പത്രത്തില്‍
നിന്ന് മുഖമുയര്‍ത്താതെ ഞാന്‍ പറഞ്ഞു ‘’കുട്ട്യോള്‍ ആവുമ്പോ
തെല്ല് കസൃതിയൊക്കെ ആവാം.; അതെ നീ കുറച്ചു സംഭാരം
എടുത്തിട്ടു വാ കലശലായ ദാഹം. ഉഷ്ണം കൂടി വരുന്നുണ്ട്.
ഇത്തവണ മഴ വൈകുമെന്നാ തോന്നുന്നെ’’.

തെല്ലു നേരം ഉമ്മറക്കോലായിലെ ചുവരില്‍
വെച്ചിരിക്കുന്ന അച്ഛന്‍റെ ചിത്രത്തില്‍ നോക്കിയിരുന്നപ്പോള്‍ മനസ്സില്‍ എന്‍റെ
കുട്ടിക്കാലവും മിന്നി മറഞ്ഞു. വാത്സല്യം പ്രകടിപ്പിക്കാതെ; സ്നേഹിച്ചിരുന്ന അച്ഛന്‍...!!! എപ്പോഴും കുടുംബം കുട്ടികള്‍ എന്ന് കരുതി
എന്നും തിരക്കുപിടിച്ച ഒരു ജീവിതം ആയിരുന്നു അച്ഛന്റേതു....ഒടുവില്‍ ഒരു തണുത്ത
പ്രഭാതത്തില്‍ ഉറക്കം മതിയാവാതെ ഉണരാതിരുന്ന അച്ഛന്‍ ഒരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയായി.

.’’അച്ഛാ’’...ഉണ്ണിയുടെ വിളി കേട്ടാണ്
ചിന്തകളുടെലോകത്ത് നിന്നും മടങ്ങിയെത്തിയത്....’’അച്ഛാ അവര്‍ എനിക്ക് കളിക്കാന്‍ പന്ത് തരുനില്ല....’’ കരയാന്‍ തുടങ്ങിയ ഉണ്ണിയെ വാരിയെടുത്തു....ആ നെറ്റിയില്‍ ചുണ്ടമര്‍ത്തി
പറഞ്ഞു ‘’അച്ഛന്‍ ടൌണില്‍ പോയി വരുമ്പോള്‍ കുട്ടന് പുതിയൊരു
പന്ത് വാങ്ങിക്കൊണ്ടാരാം കേട്ടോ.....’’.
മക്കളില്‍ ഇളയവനായ ഉണ്ണിക്ക് എപ്പോഴും സങ്കടം
പറയാനേ നേരമുള്ളൂ...അവന്‍റെ കുഞ്ഞു പരാതികള്‍ ഒക്കെ തീര്‍ക്കാന്‍ വാരിയെടുത്തു ആ
നെറുകയില്‍ ഒരു മുത്തം നല്‍കി നെഞ്ചോട്‌ ചേര്‍ത്താല്‍ മതി ലോകം കീഴടക്കിയ
ഭാവത്തില്‍ ഒരു ജേതാവിനെപ്പോലെ അവന്‍ അങ്ങനെ ഇരിക്കുന്നത് കാണുമ്പോള്‍ മനസ്സ്
നിറയും...

. ‘’ഇതാ ഞാന്‍ പറഞ്ഞെ നിങ്ങളാ ഈ കുട്ട്യോളെ കൊഞ്ചിച്ച്
വഷളാക്കുന്നെ’’, ലക്ഷ്മി പറഞ്ഞത് ചൊടിപ്പിച്ച പോലെ ഉണ്ണി എന്‍റെ
കഴുത്തില്‍ ചുറ്റിപ്പിടിച്ചു...നെഞ്ചില്‍ മുഖം അമര്‍ത്തിയിരുന്നു.......


....ഇനിയുമിത് തുടരാന്‍ വയ്യ; എഴുതിയ കടലാസ്സില്‍ നെടുകെയും കുറുകെയും കുറേ വരകള്‍ വരയ്ക്കുന്നതിനിടയില്‍
കണ്ണ് നിറയുന്നുണ്ടായിരുന്നു; ഇറ്റുവീണ കണ്ണീര്‍ത്തുള്ളികള്‍
കുതിര്‍ത്ത മഷിപടര്‍ന്ന കടലാസ്സ്തുണ്ടിനെ ചുരുട്ടി ചവറ്റുകുട്ടയിലേക്ക്
വലിച്ചെറിഞ്ഞു.

ഇപ്പോള്‍ ഞാന്‍ വലിച്ചെറിഞ്ഞത് എന്‍റെ ആത്മകഥയുടെ
ഒരേടാണ്. ആ കടലാസ്സുതുണ്ട് പതിച്ച ചവറ്റുകുട്ടയ്ക്കു സമാനമായ; ഈ വൃദ്ധസദനത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ....പിടയുന്ന
മനസ്സിലേക്ക് ആവാഹിച്ച ഗതാകാലത്തിന്‍റെ ഊഷ്മളമായ ഒരേട്......!!!

അവിടെ നിന്നും ജീവിതത്തിന്‍റെ ഈ ഊഷരതയിലേക്കുള്ള
പ്രയാണം എഴുതിത്തീര്‍ക്കാന്‍ എനിക്കാവില്ല.........വയ്യ കണ്ണില്‍ ഇരുട്ട്
കയറുന്നത് പോലെ, വല്ലാതെ കിതയ്ക്കുന്നു, ഹോ തൊണ്ട വരളുന്നു......എന്താ ഇങ്ങനെ?!.... മേശപ്പുറത്തിരുന്ന ഗ്ലാസ്സും
വെള്ളവും കയ്യെത്തി എടുക്കാനുള്ള ശ്രമത്തിനിടയില്‍ തട്ടിമറിഞ്ഞു....ആ ശബ്ദം എന്‍റെ
കാതുകളില്‍ നിന്ന് മെല്ലെ ഊര്‍ന്നു പോകുന്നത് പോലെ.......

ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ചുറ്റിലും
അവിടത്തെ സഹവാസികള്‍ ഉണ്ടായിരുന്നു. വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരനായ മേനോന്‍
എന്‍റെ തോളില്‍ പിടിച്ചു കൊണ്ട് ചോദിച്ചു ‘’എന്ത് പറ്റി മാഷേ?’’, ‘’ഒന്നുമില്ല’’ എന്ന് പതിഞ്ഞ ശബ്ദത്തില്‍ മറുപടി നല്‍കി...; പക്ഷെ അപ്പോഴും എന്‍റെ ചിന്ത
ചവറ്റുകുട്ടയ്ക്കുള്ളിലേക്ക് ചുരുട്ടിയെറിഞ്ഞ എന്‍റെ
ജീവിതത്തെക്കുറിച്ചായിരുന്നു...........

Monday, March 19, 2012

കാത്തിരിപ്പ്‌



ഇരുളുറങ്ങുന്നയീ
ഇരുമ്പഴിക്കുള്ളില്‍,
ഇരവും പകലും
പെയ്തൊഴിയുമ്പോള്‍;
ഉള്‍പ്പൂവില്‍ തേങ്ങലായ്
ഒരു കവിത നിറയുന്നൂ
വീണ്ടും മറയുന്നു....


തനിച്ചിരിക്കുമ്പോള്‍
മരവിച്ചമനസ്സില്‍
കഞ്ചാവ് മണക്കുന്നു

ഉയരുന്ന പുകച്ചുരുള്‍
മേഘമായ്‌ നിറഞ്ഞ്
മതിയില്‍ മറവിയേകുന്നു

ഇടയ്ക്കേതോ മിന്നലാട്ടമായ്‌
എന്‍ പ്രണയിനി രതി...

ഓര്‍മകള്‍ പായല്‍ മൂടിയ
ചുവരെഴുത്തുകള്‍ പോലെ

ഓര്‍മ്മയുടെ ഞരമ്പറ്റപ്പോള്‍
അവിടെ കവിതയിറ്റുന്നു
കുരീപ്പുഴയും, ചങ്ങമ്പുഴയും...


ഇടയ്ക്ക് നിലച്ച വരികള്‍;
കൊഴിഞ്ഞ പ്രണയംപോല്‍.

ഇഴയകന്ന ഓര്‍മ്മകളില്‍ നിന്നും
ഒതുക്കമില്ലാത്ത വരികളാല്‍
ഓര്‍മ്മച്ചിത്രം മുഴുമിക്കാന്‍;
ഇനിയുമെത്തുന്ന പൌര്‍ണമിക്കായ്‌,
കണ്ണിമ ചിമ്മാതെ കാത്തിരിക്കാം...

Wednesday, February 22, 2012

കണ്ണീര്‍ക്കടലില്‍


ഓളപ്പരപ്പിന്‍റെ മീതെ
ആഴക്കടലിന്‍ തിരയില്‍,

പ്രതീക്ഷതന്‍ ചൂണ്ടലില്‍
ജീവിതം കോര്‍ത്ത് ചൂണ്ടക്കാര്‍.

തീരത്തു തോരാത്ത മഴ,
മഴത്തുള്ളിക്കുപ്പുരസം.

കടലില്‍ ഒടുങ്ങാത്ത തിര
തിരയിലെ നുരയിലുമുപ്പ്.

തിരമരങ്ങള്‍ക്കിടയില്‍;
തിമിരം ബാധിച്ച മനങ്ങള്‍
വേട്ടമൃഗത്തെ തേടുന്നു.

കഴുകന്‍ കണ്ണുകളില്‍
അഗ്നിത്തിളക്കം.

ഉന്നം ഉറപ്പിക്കാന്‍
ഇരയെക്കിട്ടിയ ത്വര;

എയ്തുവിട്ട തീയുണ്ടകള്‍
കനലെരിയുന്ന നെഞ്ചിലേക്ക്,

അവസാന പിടച്ചിലും ഒടുങ്ങി
ഭക്ഷ്യയോഗ്യമല്ലാത്ത ഇരകള്‍.

തീരത്തെ കൂരയില്‍ ചാകര-
ക്കൊയ്ത്തിനായ്‌ പ്രാര്‍ത്ഥന.

അഷ്ടിക്കു വകതേടി പോയോര്‍;
ചേതനയറ്റു തിരികെയാത്രയില്‍.

വെടിയൊച്ച വിറങ്ങലിപ്പിച്ച തീരം
വിതുമ്പി നില്‍ക്കുന്നൂ, വിടയോതുന്നൂ..

തിരയൊടുങ്ങാത്ത കണ്ണീര്‍ക്കടലായ്..........

(തുടര്‍ച്ച......)


നീതി തേടി ആത്മാക്കള്‍
നീതിദേവതയ്ക്കു മുന്നില്‍....

അവിടെ കറുത്ത കുപ്പായമിട്ട ജനാധിപത്യം
വേട്ടക്കാര്‍ക്ക് ഓശാന പാടുന്നു...

അധികാരത്തിന്‍റെ ഇടനാഴികളില്‍
നാണയത്തുട്ടുകള്‍ കിലുങ്ങുന്നു....

ഇനിയെത്രയാവും ജീവന്‍റെ വില?!
രണ്ടാത്മാക്കള്‍ വിലയുറപ്പിക്കുന്നതും കാത്ത്........

(ഇനിയും തുടരും.......)

Thursday, February 16, 2012

ആഷ്ടമുടിക്കായാലും...സഖിയും(കല്ലടയാറ്)



എന്‍ ഗ്രാമത്തിനോരത്തായ് പ്രീയകള്‍
സംഗമിക്കുന്നൂ, കരം കോര്‍ക്കുന്നു, മനം
പകുക്കുന്നു, മോദമായ്‌ യാത്ര തുടരുന്നൂ.

കുണുങ്ങി ചിരിച്ചൊഴുകുന്നൂ സഖികള്‍
കടക്കണ്ണില്‍ കള്ള നോട്ടവുമായി;
നുരയായ്‌ വിരിയും ചിരിയും, ചേലുമായ്‌
കാത്തിരിപ്പിന്‍റെ പരിഭവം പറഞ്ഞു തീരാതെ.

പിന്നിട്ട വഴിയിലെ കാഴ്ചകള്‍ കാതോരം മൊഴിഞ്ഞ്
ഓളക്കയ്കള്‍ പിണഞ്ഞു, കുഞ്ഞ് തെന്നലില്‍ ഇളകി
മദിച്ചു പുളച്ചു പായുവതു നോക്കി കൊറ്റികള്‍-
കുശുകുശുക്കുന്നു, മംഗളമോതുന്നൂ കേരങ്ങള്‍....

വെള്ളിയാട പുതപ്പിച്ച് ചെറുമീന്‍ പറ്റങ്ങള്‍,
കതിരവന്‍ കാഴ്ചയ്ക്ക് തിളക്കമേറ്റുന്നൂ,
ഇളംതെന്നല്‍ ആടയില്‍ തൊങ്ങല്‍ ചാര്‍ത്തുന്നൂ,
പൂവരശുകള്‍ പൂമഴയായ്‌ പുഞ്ചിരിക്കുന്നു.

ആകാശ മേലാപ്പില്‍ ചെറുമേഘത്തുണ്ടുകള്‍
തോരണം ചാര്‍ത്തുന്നു, വര്‍ണമേളമൊരുക്കുന്നു.

വ്രീളാവതിയായ്‌, കടാക്ഷമെയ്യും മിഴികള് ‍കാണാതെ;
പ്രണയകുശലംമൊഴിയും മൊഴികള്‍ കേള്‍ക്കാതെ
മനോമുകുരത്തില്‍ തെളിയും മുഖ കാന്തികാണ്മാന്‍
വെമ്പല്‍ പൂണ്ടു പായുവതിവള്‍ സഖിയോടൊപ്പം.

ആയിരം കൈകളാല്‍ പുല്കുവാനാഞ്ഞവന്‍
തിരയിളകുന്ന മനവുമായി; കതോര്‍ത്തിരിപ്പൂ
നിന്‍ചിരി കേള്‍ക്കാന്‍, കണ്പാര്‍ത്തിരിപ്പൂ നിന്‍ മുഖം കാണാന്‍.

ഒടുവില്‍ നീ ലജ്ജാവിവശയായ് നെഞ്ചോരം ചേരുന്നതും,
ഉള്പ്പൂവില്‍ ഉന്മാദമായി നീ അവനില്‍ നിറയുന്നതും,
ചെഞ്ചായം പൂശി മറതീര്‍ത്തു ദിനകരന് ‍തെല്ല് ജാള്യതയോടെ
മുഖം മറയ്ക്കുന്നതും; വിടപറയാതെ, വിരഹിയായ്-
മറയുന്നതും നോക്കി, ഇങ്ങീ തീരത്ത്‌ ഞാനും ഏകാനവുന്നൂ...

Saturday, February 11, 2012

ചില പ്രണയക്കാഴ്ചകള്‍



പ്രണയത്തിന് നിറം ചുവപ്പാണോ?!
ആയിരിക്കാം.....;
ചുവപ്പ് മഞ്ഞയായും
നീലയായും മാറാനും തരമുണ്ട്

ചാറ്റിങ് ജാലകത്തിലെ
ചിഹ്നങ്ങളില്‍ ഉരുവാകുന്ന
പ്രണയങ്ങള്‍...
എട്ടു കാലി വലകളില്‍ കുരുങ്ങി
അമര്‍ന്നൊടുങ്ങുന്നൂ.

മിസ്സ്ഡ്‌ കാളായി തുടങ്ങി
കുറും സന്ദേശങ്ങളില്‍ കൂടി
വളര്‍ന്നു പടര്‍ന്ന് ചിലവ-
ലോഡ്ജു മുറിയിലേക്ക്..!!!

പ്രണയം ചിറക് വിടര്‍ത്തുന്നു
മൊബൈലില്‍ നിന്നും
വലക്കണ്ണികളിലേക്കും;
തിരികെ മൊബൈലിലേക്കും!

തീവണ്ടി ആപ്പീസില്‍
വഴിക്കണ്ണ്‍ നട്ട്...
ചില പ്രണയിനികള്‍;
സമാന്തരങ്ങള്‍ പോലെ
ചില കുടുംബ വഴികള്‍

പ്രണയചിന്തകള്‍
നെരിപ്പോട് പോലെ;
കനലാട്ടങ്ങളില്‍
കാഴ്ച്ചകള്‍ ജ്വലിക്കുന്നു

പ്രണയത്തിന്‍റെ
ഉയിര്‍തൊട്ട,
ജീവിതത്തിന്‍റെ
നറുംതേന്‍ നുകര്‍ന്ന,
ഒരു പ്രണയിനിയുടെ
മനസ്സ് മന്ത്രിക്കുന്നു

ഹൃദയചിഹ്നത്തില്‍
തുള തീര്‍ക്കുന്ന അമ്പ്
പ്രണയം മരിക്കും വരെ
തറഞ്ഞു കയറട്ടെ...!!!

Wednesday, February 1, 2012

വൈകി വന്ന മഴ



ഞാന്‍ കിനാവുകള്‍ വിതച്ചു
കണ്ണീരു കൊയ്ത ഒരു കര്‍ഷകന്‍റെ പുത്രന്‍.

ജീവിതംപോല്‍ വരണ്ട മണ്ണിന്‍റെ മാറില്‍
പ്രതീക്ഷതന്‍ ചാലുകീറി,
നോവുകളുടെ കണ്‍തടം തുടയ്ക്കാന്‍
പൊന്നിന്‍ കതിര്‍ കാത്ത്;
കിടപ്പാടം കടമാക്കി
കിനാവിന്‍റെ വിത്ത്‌ നേടിയോന്‍
അച്ഛന്‍.

സ്വപ്നങ്ങള്‍ ധാത്രിതന്‍ മടിയില്‍
അര്‍ച്ചിച്ച്; അവ നാമ്പിടുന്നതും,
പ്രതീക്ഷകള്‍ കതിരിടുന്നതും
കാത്ത് ഞങ്ങള്‍.

തളിര്‍ത്ത മോഹത്തിന്‍ മീതെ
കരുണയിറ്റിക്കാതെ....
വഴിമറന്ന മഴമേഘങ്ങള്‍
നെഞ്ചില്‍ നീറ്റലായി.
ഗണിതത്തിന്‍ ഇരട്ടിപ്പെരുക്കങ്ങള്‍
ഉള്ളില്‍ നടുക്കമേറ്റി.

ദൈവങ്ങള്‍
കനിവറ്റ മുഖവുമായി;
അര്‍ത്ഥനകള്‍
നിരര്‍ത്ഥകമാക്കിച്ചിരിക്കുന്നു..!!
‘’ചെയ്ത്തു ദോഷ’’മെന്നു മുത്തശ്ശി..!

കണക്ക് പുസ്തകത്തില്‍
കരിമ്പൂച്ചയെപ്പോല്‍
ഋണം വാ പിളര്‍ത്തുന്നു...!

എങ്കിലും മോഹങ്ങളുടെ
അവസാന തിരിനാമ്പ് കെടുംമുന്നേ;
പ്രതീക്ഷ തന്‍ മഴമേഘം
പെയ്തിറങ്ങുന്നതും നോക്കി
ജീവിത ചക്രം തിരിച്ചു കാത്തിരിപ്പ്...

തെളിഞ്ഞ മാനം,
പെയ്തൊഴിയാന്‍ വെമ്പുന്ന മനം;
എങ്കിലും അച്ഛന്‍ മുഖത്തൊരു പ്രതീക്ഷ
കാത്തു.....തെക്കേ തൊടിയിലെ-
ച്ചിതയില്‍ എരിഞ്ഞടങ്ങും വരെ....!!!

പൊലിഞ്ഞ സ്നേഹത്തിന്‍
ചാരക്കൂനയ്ക്ക്
മേലെ ഇരച്ചെത്തിയ മഴ
പെയ്തിറങ്ങുമ്പോള്‍
എനിക്ക് മഴയോട് പുച്ഛം.

കാലം തെറ്റി പെയ്ത മഴയോട്
നീരസം ഭാവിച്ചപ്പോള്‍..
മഴ കാറ്റിനോട് പറഞ്ഞു..
എന്‍റെ വഴിമുടക്കി, മുറതെറ്റിച്ച,
കാലച്ചക്രത്തിന്‍ താളം തെറ്റിച്ച,
ഋതുഭേദങ്ങളുടെ മടിക്കുത്തഴിച്ച,
മനുജ കുലത്തിന്‍
‘’ചെയ്ത്തു ദോഷം’’.

Monday, January 16, 2012

മകള്‍ക്ക്



പാടാന്‍ കഴിയാഞ്ഞ
താരാട്ടിന്‍ ശീലുമായ്,
കണ്ണിമ പൂട്ടാതെ
വഴിക്കണ്ണുമായി,
നിന്‍ വിളികേള്‍ക്കുവാന്‍
കതോര്‍ത്തിരിപ്പൂ...
വ്യര്‍ത്ഥമീക്കാത്തിരിപ്പെ-
ന്നറിഞീടിലും
മനതാരില്‍ നിന്മുഖം
മലരായ്‌ ചിരിപ്പൂ.
തളിരില തോല്‍ക്കുന്ന
കവിളിലായ് മെല്ലെ
ഇക്കിളികൂട്ടുമ്പോള്‍
കുണുങ്ങിച്ചിരിക്കുന്ന,
നുണക്കുഴി വിരിയുന്ന
മുഖമലര്‍ കാണാന്‍...
അമ്മിഞ്ഞപ്പാല്‍ മണം
മായാത്ത ചൊടിയിലെ
പുഞ്ചിരിപ്പൂവൂള്ളില്‍
നിറവുള്ളൊരോര്‍മ്മയായ്
മായാത്ത മാരിവില്‍
ശോഭയായ്‌ നീയെന്‍റെ
പ്രാണനില്‍
നിറയുമ്പോഴിന്നും
തോരാത്ത മാരി പോല്‍ ‌
സ്നേഹം തുടിക്കുന്നു
വാരിയെടുത്തുമ്മ-
വച്ചോമനിക്കാന്‍......