Saturday, November 26, 2011

ടീ ബാഗ്‌


അവര്‍ക്കായി ചഷകത്തിലെ

ഉഷ്ണത്തില്‍ ഞാന്‍

വല്ലാതെ പൊള്ളുമ്പോഴും

ഉള്ളില്‍ ഒരു നിര്‍വൃതി

എന്‍റെ ആത്മാവിന്‍റെ

നിറവും മണവും

ഞാന്‍ നേദിച്ചു

എന്‍ ജീവരക്തം

അവര്‍ക്കായി ഇറ്റി;

ഞെരിച്ചമര്‍ത്തി

എന്‍റെ അവസാന

തുള്ളിയും അവര്‍

സ്വന്തമാക്കി

ഇനി ഞാന്‍ എവിടേക്ക്

കുപ്പത്തൊട്ടിയില്‍

എറിയപ്പെടുന്നതും

കാത്ത് ഞാന്‍....

ഇര


സ്വപ്നങ്ങളുടെ ശവപ്പറമ്പില്‍

തുളസ്സികള്‍ പൂത്തിരിക്കുന്നു

ഒരു കോണില്‍

പ്രണയത്തിന്റെ കോമ്പല്ലുകള്‍

നിണം നുണഞ്ഞ മാറുമായി

അവള്‍ മിഴികള്‍ തുറന്ന്

ആരെയോ തിരയുന്നു

അങ്ങകലെ കരിഞ്ഞുണങ്ങിയ

ഒരു പനിനീര്‍പൂ നെടുവീര്‍പ്പുതിര്‍ത്തു;

അവളാണ് സാക്ഷി എല്ലാറ്റിനും

അവന്‍ ഹൃദയം തുറന്നതിനും

അവന്‍റെ ഉള്ളില്‍ കാമം

കത്തിജ്വലിച്ചതിനും

അതവളില്‍ പെയ്തിറങ്ങിയത്തിനും

എല്ലാം മൂക സാക്ഷി; അവനായ്‌

സ്വയം നേദിക്കുംപോള്‍ ഒരു

കയ്യില്‍ പ്രണയ സമ്മാനമായി

ഈ പൂവുണ്ടായിരുന്നു.

അവന്‍റെ കയ്യില്‍ അധുനീകതയുടെ തൃക്കണ്ണ്‍

തുറന്നിരുന്നു; ഇമകള്‍ ഇല്ലാത്ത കണ്ണ്

പ്രണയം അവളില്‍ അലകള്‍ ഉതിര്‍ത്തു

അവനില്‍ പ്രണയം ചോര്‍ന്നു

കാമം കരുത്തായ് നിറഞ്ഞു

പ്രണയത്തിന്റെ ഇതളുകള്‍ ഊര്‍ന്നു,

നീരില്ലാ കണ്ണ് കാഴ്ച്ചകള്‍ പകര്‍ത്തി

ആ കാഴ്ച്ചകള്‍ നീല പല്ലേറ്റു പിടഞ്ഞപ്പോള്‍

പ്രണയിനി ഒരു ചിറകറ്റ പറവയായ്‌

പറക്കാന്‍ ആവാതെ....തളര്‍ന്നു വീണു;

അപ്പോഴും തുറന്നിരുന്ന കണ്ണില്‍

പ്രണയം ഉണ്ടായിരുന്നു അവന്‍

കാണാതെ പോയ പ്രണയം

ശലഭം


പുഴുവായ ഞാന്‍

മനം മടുത്ത്

പ്യുപ്പയായി ഒളിച്ചതാ

ഉറങ്ങുക ആയിരുന്നു

എന്തിനെന്നെ ഉണര്‍ത്തി

ഈ അശാന്തിയിലേക്ക്

നീ എനിക്കെന്തിനീ

വര്‍ണ്ണച്ചിറകു തന്നൂ?

കണ്ടില്ലേ കണ്ണുകള്‍

എന്റെ ചോരയൂറ്റുന്നു

എന്റെ വര്‍ണ്ണക്കുപ്പായം

വലിച്ചുരിയുന്നൂ

തേനുണ്ണാന്‍ മലര്‍വാടിയുണ്ട്

എങ്കിലെന്താ എന്നെ കാക്കാന്‍

നീ എനിക്കെന്തു തന്നു?

എനിക്ക് പ്യുപ്പയാവണം

കുരുത്തക്കേട്


എന്റെ തൂലികയില്‍ ദുരാത്മാവു ബാധിച്ചു

സത്വം നഷ്ടപ്പെട്ട പുതുമയുടെ ദുരാത്മാവു; ഭീതിദം

ദംഷ്ട്ര കാട്ടി ഇളിക്കുന്നു; കൊലവിളി തുടരുന്നു

കാതില്‍ നേര്‍ത് നേര്ത്തില്ലാതെ ആവുന്നു ഒരു

ശരികപ്പയ്തലിന്‍ നന്മൊഴിപ്പൂവുകള്‍.

കണ്ടവര്‍ കേട്ടവര്‍ കാര്യം തിരക്കുന്നൂ

കണ്ടിട്ടും കാഴ്ചകള്‍ കണ്ണില്‍ തെളിയാതെ

കാഴ്ചകള്‍ക്കുള്ളിലെ കാഴ്ചകള്‍ തേടുന്നു

കേട്ടതെല്ലാം കര്‍ണ്ണത്തില്‍ തുളതീര്‍ത്തു പായുന്നു

പൊരുളുകള്‍ തിരയുന്നു കഥയില്ലാ കഥകളില്‍.

ചായം തെറിച്ച ക്യാന്‍വാസില്‍ ചിത്രം പിറക്കുന്നു

തിരിയാത്ത രൂപത്തെ മനസ്സില്‍ തിരയുന്നു

ചിത്രം ചിത്രകാരനെ നോക്കി കണ്ണിറുക്കുന്നു

രൂപങ്ങള്‍ തേടുന്ന വരകള്‍ പിക്കാസോയുടെ

കരങ്ങള്‍ വെട്ടാന്‍ കേസ് കൊടുക്കുന്നു

കണ്ണുകള്‍ നഷ്ടപ്പെട്ട ശില്‍പ്പങ്ങള്‍ കാതോര്‍ത്തിരിക്കുന്നു

പുരസ്ക്കാര മഞ്ഞനിറമുള്ള ലോഹത്തുണ്ടിനായ്‌;

അപ്പോഴും അങ്ങകലെ തൊടിയില്‍ ഗോട്ടി കളിക്കുന്നു

രാജാവ് നഗ്നനാന്നു പറഞ്ഞ കുരുത്തം കെട്ടവന്‍.

വാക്കുകള്‍


ഇടയ്ക്കു ഇടറുമ്പോള്‍ താങ്ങായി ചില വാക്കുകള്‍

എല്ലാരും പോകുമ്പോള്‍ തുണയായി ചില വാക്കുകള്‍

മറവിയില്‍ മായാന്‍ വിടാതെ ഓര്‍മ്മപ്പെടുത്തലായ് മറു വാക്കുകള്‍

ദൂരത്തെ താണ്ടി കാതങ്ങള്‍ കടനെത്തും ചില വാക്കുകള്‍

നൊമ്പരം പേറുന്ന വാക്കുകള്‍

ചുട്ടു പൊള്ളിക്കുന്ന വാക്കുകള്‍

കുറ്റപ്പെടുത്തുന്ന വാക്കുകള്‍

ഒറ്റപ്പെടുത്തുന്ന വാക്കുകള്‍

മഞ്ഞു പെയ്യിക്കുന്ന വാക്കുകള്‍

സൗഹൃദം പേറുന്ന വാക്കുകള്‍

പ്രണയം തുളുമ്പുന്ന വാക്കുകള്‍

പരിഭാവമായെത്തും വാക്കുകള്‍

ആരോപണമായും വാക്കുകള്‍

ശിക്ഷാ വിധിയായി വാക്കുകള്‍

ആവശ്യ രൂപേണ വാക്കുകള്‍

ആര്‍ദ്രത പേറുന്ന വാക്കുകള്‍

യാത്രാ മൊഴിയായ വാക്കുകള്‍

വാക്കുകള്‍ എന്നോട് ചോദിച്ചു

നിനക്കേതു വാക്കാണിതില്‍ ഏറെ ഇഷ്ടം?

'വില' ഇരുത്തല്‍


എനിക്കെന്നോ എവിടെയോ

എന്തൊക്കെയോ നഷ്ടമായിരിക്കുന്നു

നഷ്ടം ലാഭത്തിന്റെ വിപരീതമാണേല്‍

ലാഭം എന്താ?

കൂട്ടി കിഴിച്ച് ലാഭ നഷ്ടം നോക്കാന്‍

ഇതെന്താ കമ്പോള നിലവാരമോ?

നിലവാരത്തിന്റെ വാരം തകര്‍ന്നപ്പോള്‍

നിലയില്ലാതായതാ..

ഇപ്പോള്‍ ചുറ്റിലും മാന്ദ്യവും പ്രതിസന്ധികളുമാ

വര്‍ത്തമാന പത്രത്തിന്റെ താളുകളില്‍

അക്ഷരങ്ങള്‍ ചിതലുകളായി ഇഴഞ്ഞു തിരിയുന്നു

പോറല്‍ വീണ സ്ഫാടികത്തുണ്ട് മിഴികളില്‍ പുകമറ തീര്‍ക്കുന്നു.

മുഖത്തെ ജരയുടെ മറവില്‍ നര ഒളിച്ചു കളിക്കുന്നു

അങ്ങകലെ തൊടിയിലെ മാവില്‍ ഒരു ഊഞ്ഞാല്‍

ഒച്ചയുണ്ടാക്കി കരയുന്നു

മാവിന്‍ കൊമ്പിലെ അണ്ണാര കണ്ണന്‍ കൈവിട്ട മാമ്പഴം

നോക്കി കലപില കൂട്ടുന്നു.....

എന്റെ കേരളം


പീഡന പര്‍വ്വങ്ങള്‍ തുടരുന്ന കേരളം

സൌമ്യമാര്‍ പിന്നെയും പിടഞ്ഞു മരിക്കുന്നു

ക്രൌര്യത്തിന്‍ വിത്തുകള്‍ എങ്ങും മുളക്കുന്നു

കുട്ടിക്കരങ്ങളില്‍ രക്തം പുരളുന്നു

കള്ളവും ചതിയും തുടര്‍ക്കഥ ആവുന്നു

മലയാണ്മ സ്മരണയായ് മങ്ങി മറയുന്നു

ഭരണയന്ത്രങ്ങള്‍ തുരുമ്പിച്ചു തകരുന്നു

പൊതുജനം ഗര്‍ദ്ദഭ മുഖം മൂടിയാവുന്നു

മാവേലി ബിവരേജിന്‍ നിരയില്‍ മയങ്ങുന്നു

മദ്യത്തിന്‍ വിപണിയില്‍ മാന്ദ്യം മരിക്കുന്നു

മദ്യത്തിന്‍ ലഹരിയില്‍ മലയാളി ചിരിക്കുന്നു

മാധ്യമക്കഴുകന്മാര്‍ നായാട്ടു തുടരുന്നു

ധര്‍മ്മത്തിന്‍ ശവമഞ്ചം ഉപചാരം തേടുന്നു

അധര്‍മ്മം ആചാര വെടിയായി മുഴങ്ങുന്നു

തൂലിക വാളിനു വഴിമാറി നില്‍ക്കുന്നു