Monday, October 31, 2016

ഓര്‍മ്മച്ചെപ്പ്


ഗ്രാമീണതയ്ക്ക് ജനിതകമാറ്റം സംഭവിക്കുന്നതിനുംമുന്‍പ്
ചെമ്മണ്‍പാതകള്‍ ശാലീനസുന്ദരികളായിരുന്ന കാലം 
കൈതോലകള്‍ കാഴ്ചകള്‍ കണ്ടുനിന്ന വഴിയോരം
നിരയായ് ചാഞ്ഞും, ചെരിഞ്ഞും ശീമക്കൊന്നകള്‍
ഇടയില്‍ ചെമ്പരത്തിയും, മുരിക്കിന്‍ കൊമ്പും
മതിലുകള്‍ എത്തും മുന്നേ അതിരുകാത്തവര്‍
തളിര്‍ക്കുന്ന, പൂക്കുന്ന, ഇലപൊഴിക്കുന്ന അതിരുകള്‍;
അവയില്‍ വിരുന്നുവിളിച്ചിരുന്ന കാക്കകള്‍
തായംനോക്കി ഉണ്ണിക്കയ്യില്‍നിന്നും തട്ടിപ്പറിച്ചിരുന്നു.
വളപ്പൊട്ടും, കുന്നിമണികളും, മഞ്ചാടികളും, പീലിത്തുണ്ടും
ചായംപൂശിയ കുട്ടിക്കാലത്തിനു മാരിവില്‍ ശോഭയായിരുന്നു..
പറമ്പുകളില്‍ നിന്നും പറമ്പുകളിലേക്ക് നിവര്‍ന്നുകിടന്ന
ഊടുവഴികള്‍ വീടുകളുടെ നാഡീഞരമ്പുകള്‍ പോലെ;
തേഞ്ഞു തീര്‍ന്ന നരച്ച മണ്ണുള്ള നടവഴികളിലൂടെ
സ്നേഹവും, കുശുമ്പും, പരദൂഷണവും, കലഹവുമൊക്കെ
വരുത്തുപോക്ക് നടത്തുന്ന കാലൊച്ചകള്‍ കേള്‍ക്കാമായിരുന്നു.
ഇരുണ്ട് വെളുക്കുന്ന നേരത്തിലൊടുങ്ങുന്ന പിണക്കങ്ങള്‍ മാത്രം
കത്തുകളും എനിക്കുള്ള പപ്പയുടെ ഉമ്മകളും, ഉപദേശങ്ങളും
സൈക്കിള്‍ മണികള്‍ക്കൊപ്പമായിരുന്നു പടിക്കലെത്തിയിരുന്നത്
ചുറ്റുവട്ടത്തെ വീട്ടുമുറ്റങ്ങളിലൊക്കെ ഞങ്ങളുടെ കുഞ്ഞിക്കാലടികള്‍
ഇപ്പോഴും മണ്ണില്‍ പൂണ്ടു കിടക്കുന്നുണ്ടാവും ഓര്‍മ്മപ്പൊട്ടുകളായി.
മഴയ്ക്കൊപ്പം ചിലവഴികള്‍ കായല് കാണാന്‍ പോകുമായിരുന്നു;
വഴികളൊക്കെ പുഴപോലെ ആയിരുന്ന കുളിരുന്ന മഴക്കാലം
അമ്മാമ്മ ചൊറിഞ്ഞുതന്ന വളംകടിയോര്‍മ്മകള്‍ കാലില്‍തരിക്കുന്നു
പല്ല്കൊഴിഞ്ഞ മോണകാട്ടിയുള്ള ഒരുചിരി ഉള്ളില്‍ വിങ്ങലാകുന്നു
നന്മമരങ്ങള്‍ ഊഞ്ഞാല്‍ കയ്യുകള്‍ ഒരുക്കിനിന്ന  ഓണക്കാലങ്ങള്‍
ഊഞ്ഞാല്‍ ചോട്ടിലും, മാഞ്ചോട്ടിലും കലപിലകൂട്ടിയ കുട്ടിക്കൂട്ടങ്ങള്‍
കഥകളില്‍ കുഴച്ച് അമ്മ നല്‍കിയ ഉരുളകള്‍ നാവില്‍ രുചിക്കുന്നു
കോലൈസും, സേമിയയും ഉള്ളില്‍ മധുരമുള്ള മണിമുഴക്കുന്നു
പോയനല്ക്കാലത്തിന്‍ ഓര്‍മ്മക്കിലുക്കങ്ങള്‍ ഉള്ളില്‍നിറയുന്നു
കൈമോശംവന്നൊരാക്കാലത്തിലെത്തുവാന്‍ ഞാനും കൊതിക്കുന്നു...