Monday, October 31, 2016

ഓര്‍മ്മച്ചെപ്പ്


ഗ്രാമീണതയ്ക്ക് ജനിതകമാറ്റം സംഭവിക്കുന്നതിനുംമുന്‍പ്
ചെമ്മണ്‍പാതകള്‍ ശാലീനസുന്ദരികളായിരുന്ന കാലം 
കൈതോലകള്‍ കാഴ്ചകള്‍ കണ്ടുനിന്ന വഴിയോരം
നിരയായ് ചാഞ്ഞും, ചെരിഞ്ഞും ശീമക്കൊന്നകള്‍
ഇടയില്‍ ചെമ്പരത്തിയും, മുരിക്കിന്‍ കൊമ്പും
മതിലുകള്‍ എത്തും മുന്നേ അതിരുകാത്തവര്‍
തളിര്‍ക്കുന്ന, പൂക്കുന്ന, ഇലപൊഴിക്കുന്ന അതിരുകള്‍;
അവയില്‍ വിരുന്നുവിളിച്ചിരുന്ന കാക്കകള്‍
തായംനോക്കി ഉണ്ണിക്കയ്യില്‍നിന്നും തട്ടിപ്പറിച്ചിരുന്നു.
വളപ്പൊട്ടും, കുന്നിമണികളും, മഞ്ചാടികളും, പീലിത്തുണ്ടും
ചായംപൂശിയ കുട്ടിക്കാലത്തിനു മാരിവില്‍ ശോഭയായിരുന്നു..
പറമ്പുകളില്‍ നിന്നും പറമ്പുകളിലേക്ക് നിവര്‍ന്നുകിടന്ന
ഊടുവഴികള്‍ വീടുകളുടെ നാഡീഞരമ്പുകള്‍ പോലെ;
തേഞ്ഞു തീര്‍ന്ന നരച്ച മണ്ണുള്ള നടവഴികളിലൂടെ
സ്നേഹവും, കുശുമ്പും, പരദൂഷണവും, കലഹവുമൊക്കെ
വരുത്തുപോക്ക് നടത്തുന്ന കാലൊച്ചകള്‍ കേള്‍ക്കാമായിരുന്നു.
ഇരുണ്ട് വെളുക്കുന്ന നേരത്തിലൊടുങ്ങുന്ന പിണക്കങ്ങള്‍ മാത്രം
കത്തുകളും എനിക്കുള്ള പപ്പയുടെ ഉമ്മകളും, ഉപദേശങ്ങളും
സൈക്കിള്‍ മണികള്‍ക്കൊപ്പമായിരുന്നു പടിക്കലെത്തിയിരുന്നത്
ചുറ്റുവട്ടത്തെ വീട്ടുമുറ്റങ്ങളിലൊക്കെ ഞങ്ങളുടെ കുഞ്ഞിക്കാലടികള്‍
ഇപ്പോഴും മണ്ണില്‍ പൂണ്ടു കിടക്കുന്നുണ്ടാവും ഓര്‍മ്മപ്പൊട്ടുകളായി.
മഴയ്ക്കൊപ്പം ചിലവഴികള്‍ കായല് കാണാന്‍ പോകുമായിരുന്നു;
വഴികളൊക്കെ പുഴപോലെ ആയിരുന്ന കുളിരുന്ന മഴക്കാലം
അമ്മാമ്മ ചൊറിഞ്ഞുതന്ന വളംകടിയോര്‍മ്മകള്‍ കാലില്‍തരിക്കുന്നു
പല്ല്കൊഴിഞ്ഞ മോണകാട്ടിയുള്ള ഒരുചിരി ഉള്ളില്‍ വിങ്ങലാകുന്നു
നന്മമരങ്ങള്‍ ഊഞ്ഞാല്‍ കയ്യുകള്‍ ഒരുക്കിനിന്ന  ഓണക്കാലങ്ങള്‍
ഊഞ്ഞാല്‍ ചോട്ടിലും, മാഞ്ചോട്ടിലും കലപിലകൂട്ടിയ കുട്ടിക്കൂട്ടങ്ങള്‍
കഥകളില്‍ കുഴച്ച് അമ്മ നല്‍കിയ ഉരുളകള്‍ നാവില്‍ രുചിക്കുന്നു
കോലൈസും, സേമിയയും ഉള്ളില്‍ മധുരമുള്ള മണിമുഴക്കുന്നു
പോയനല്ക്കാലത്തിന്‍ ഓര്‍മ്മക്കിലുക്കങ്ങള്‍ ഉള്ളില്‍നിറയുന്നു
കൈമോശംവന്നൊരാക്കാലത്തിലെത്തുവാന്‍ ഞാനും കൊതിക്കുന്നു...

Thursday, September 22, 2016

രാപ്പാട്ട്





നീ കാണാമറയത്ത്
നിലാവിന്റെയിറയത്ത്
നിഴലുകളോടൊത്ത്
നിൻ നിനവുകളോടൊത്ത്  (നീ കാണാ...

രാമുല്ലപ്പൂവിൻറെ
പൂപ്പുഞ്ചിരി കാണുമ്പോൾ
പൂർണേന്ദു പോലെനിൻ  
മിഴിവുള്ളിൽ പെയ്യുന്നൂ   (നീ കാണാ...

നിലാമഴപ്പൂവുകൾ
നിഴൽചിത്രമെഴുതുന്ന
രാവിൽ നിൻ ഈണങ്ങൾ
പെയ്‌തെന്നിൽ നിറയുന്നൂ  (നീ കാണാ...


പൂങ്കാറ്റായ് വന്നുനീ
തഴുകിയുലയ്ക്കുമ്പോൾ 
പ്രിയതേ ഞാനീരാവിൽ
പൂമഴയിൽ നനയുന്നു     (നീ കാണാ...

Monday, August 22, 2016

ഓണസ്മൃതികൾ


ഓണമിങ്ങെത്താറായ് ഓമലാളെ
പാണന്റെ ചേലുള്ള ശീലുകേൾപ്പൂ

തുമ്പികൾ പാറിക്കളിക്കുന്ന തൊടിയിലെ
തുമ്പകൾ പുഞ്ചിരിപ്പൂക്കൾ വിടർത്തുന്നു

മുക്കൂറ്റി വ്രീളാവിവശയായ് നിൽക്കുന്നു
ചിത്രപതംഗങ്ങൾ മധുവുണ്ട് പാറുന്നു

തെന്നലിൻ  കൈകളിൽ താലോലമാടുന്നു
തെച്ചിയും പിച്ചകപൂവല്ലിയും  

തുളസിക്കതിരുകൾ തൂമണം തൂവുന്നു
മന്ദാരപ്പൂവുകൾ മന്ദഹസിക്കുന്നു

തൊടിയിലെ പൂമരകൊമ്പത്തിരുന്നൊരാ
കോകിലം കൂജനരാഗമുതിർക്കുന്നു

തെക്കേത്തൊടിയിലെ തേന്മാവിൻകൊമ്പത്ത്
അണ്ണാറക്കണ്ണന്മാർ മാന്തളിർകിള്ളുന്നു

തൂക്കണാംകുരുവികൾ ചേക്കേറാനെത്തുന്ന
തെങ്ങോല കയ്യുകൾ വീശിനിന്നീടുന്നു

പൂവിളിഉയർത്തണം പൂക്കളമൊരുക്കണം
പൊന്നിൻകസവുള്ള ചേലയുടുക്കേണം

തൂശനിലയിൽ വിളമ്പിനിരത്തുവാൻ
നാവിൽകൊതിയൂറും സദ്യയൊരുക്കേണം

കൈകൊട്ടിക്കളികളും തിരുവാതിരപ്പാട്ടും
ഒരുവട്ടംകൂടിയെൻ ഉള്ളംനിറയ്ക്കണം

പോയകാലത്തിൻറെ  പുണ്യങ്ങളൊക്കെയും
ഓണസ്മൃതികളായ് വീണ്ടുംപിറക്കണം...

Wednesday, August 10, 2016

വഴിമറന്നുവോ...













വഴിമറന്നുവോ വർഷമേഘമേ നീ
ഹർഷമെല്ലാം പോയ്മറഞ്ഞെന്നിൽ
ഒരു പരിഭവപ്പെരു മഴയായെൻറെ
ഉഷ്ണമാറ്റാൻ അണയുമോ വീണ്ടും...
                                                                          [വഴിമറന്നുവോ...

നിന്റെ കാൽച്ചിലമ്പൊലി കേട്ടുണരണം
എന്നോ കണ്ണടച്ചൊരീ മൺചെരാതിന്
പൊന്നൊളിയിൽ നീ നടനമാടുമ്പോൾ
കണ്ണിമയ്ക്കാതെ കണ്ടങ്ങിരിക്കണം
                                                                          [വഴിമറന്നുവോ...

പോയ്മറഞ്ഞോരു  പൂക്കാലമെല്ലാം
പൂക്കൂടയേന്തി ത്തിരികെയെത്തേണം
പൂമരത്തിന്റെ പൂഞ്ചില്ലയൊന്നിൽ
പൂങ്കിളികളായ് കൂടൊരുക്കേണം
                                                                          [വഴിമറന്നുവോ...

രാഗവായ്‌പിൽ നീ മൂളുന്ന ഈണത്തിൻ
ശീലു കേട്ടെന്റെ നെഞ്ചം കുളിർക്കണം
നിൻ വിരലെന്നുടെ കൂന്തലുഴിയുമ്പോൾ
നിൻ മടിത്തട്ടിൽ വീണു മയങ്ങേണം
                                                                          [വഴിമറന്നുവോ...