Friday, December 30, 2011

പ്രതിധ്വനി .....


ഗൃഹാതുരമായ ചില പിന്‍ വിളികള്‍ ചിലപ്പോഴൊക്കെ
മുഴങ്ങി കേള്‍ക്കാറുണ്ട്..
വഴി വിളക്കാകാറുണ്ട്; നന്മയുടെ ... കരിന്തിരി
പുകയുന്ന ദീപം കെടാതിരുനെങ്കില്‍...!!!

* * * * * * * * * * * * * * * * * * * * * * * * * * * * * *

ജീവിതം അതിന്റെ പരുക്കന്‍ ഭാവങ്ങളുമായി
കടന്നു പോകുന്നു ; നഷ്ട്ടപ്പെടലുകള്‍
നൊമ്പരം നിറയ്ക്കുന്നു, മുറിപ്പെടുത്തുന്നു.
കൈകാലുകള്‍ തളരുമ്പോഴും മറുകരയില്‍
പ്രതീക്ഷയുടെ ഒരു ചെറുതരി വെട്ടം തേടുന്നു
മരിക്കാത്ത മനസ്സില്‍ എന്റെ സ്വപ്നങ്ങളുടെ
കരുത്ത് നിറച്ചു, മരുപ്പച്ച
തേടുന്നു...തുടരുന്നു
തുടരുന്നു ഈ മരുയാത്ര….!

* * * * * * * * * * * * * * * * * * * * * * * * * * * * * *


ഇന്നലെ രാവിനു എന്നോട് പിണക്കമായിരുന്നു
എന്നോട് വഴക്കിട്ടു നിദ്ര പിണങ്ങി പോയി
തേങ്ങലോളിപ്പിച്ച ശബ്ദത്തില്‍ രാപ്പാടി മൂളി
അങ്ങകലെ ഒരു താരാട്ട്; അലിഞ്ഞില്ലാതെ ആവുന്നു
വെളുത്ത ദംഷ്ട്രയില്‍ നിണം ഇറ്റിച്ചു ഭീകര
സ്വപ്നം;
ഇന്നത്തെ പുലരിക്കും ചുവപ്പ് തന്നെ
തെളിഞ്ഞ മാനത്തിന്‍ മുഖം ചിരിക്കുവാണോ
നനുത്ത കിരണങ്ങള്‍ നീട്ടി തഴുകുവാണോ
പുത്തന്‍ പ്രതീക്ഷകള്‍ നാമ്പിടുകയാണോ….?!

Thursday, December 22, 2011

ഉടഞ്ഞ ദര്‍പ്പണം



വേഗത്തില്‍ പിന്നോട്ട് നീങ്ങുന്നിലച്ചാര്‍ത്തില്‍
തൊട്ടു തലോടിയെന്‍ മുഖത്തിറ്റുന്ന;
അരുണകരംമുറിഞ്ഞതില്‍ കിനിയും ശോണിമ
എന്‍ കണ്ണില്‍ പുത്തന്‍ തിരിനാളമാകുന്നു.
പുത്തനാം കാഴ്ചകള്‍ ഭാവങ്ങള്‍ രൂപങ്ങള്‍
സമ്മാനിച്ചൊരു ദിനം കൂടി പിടഞ്ഞു മരിക്കുന്നു.
തീവണ്ടിയാപ്പീസില്‍ ജീവിതം വാര്‍ത്തയായ്‌
വില്‍ക്കുന്ന ബാലന്‍റെ കയ്യില്‍ നിന്നും-
തീവണ്ടി മുറിയിലെ കൂട്ടിനായ്‌ കൂട്ടിയ
സായാഹ്നപത്രം ചവച്ചിറക്കീടാവേ;
ഏങ്ങിയും അലറിയും മുന്നോട്ടു പായുന്ന
ശകടത്തിന്‍ ഭ്രാന്തെന്നില്‍ മത്തു പടര്‍ത്തുന്നു.
തൊള്ളകീറി കരഞ്ഞെന്‍റെ ചിന്തയില്‍
തുളകള്‍ തീര്‍ക്കുന്ന കുഞ്ഞെന്‍റെ
സ്വൈര്യം തകര്‍ക്കുന്നു;
സാന്ത്വനത്തിന്‍റെ
അമൃതകുംഭങ്ങളാക്കുഞ്ഞിനൊരു
മരുപ്പച്ച നല്‍കവേ;
വിശപ്പിന്‍റെ കൂര്‍ത്ത നഖങ്ങള്‍ പള്ള കരളുംബോള്‍
ആത്മാവ് മുരളുന്നോരനാഥ ജന്മമെന്‍റെ
കരുണയ്ക്കായ് കരങ്ങള്‍ നീട്ടീടുന്നു;
ചൈതന്യം വറ്റിയ കണ്ണുകളില്‍ ദൈന്യത ഇതള്‍ വിടര്‍ത്തുന്നു.
തീവണ്ടിമുറിയിലെ തേവിടിശ്ശിക്കിളി കലപില കൂട്ടുന്നു;
ചിറകൊതുക്കി കണ്ണില്‍ മദജലം പുരട്ടി കടാക്ഷങ്ങളെയ്യുന്നു.
തോളിലെ ഭാണ്ഡത്തില്‍ ജീവിതം പേറുന്ന
ദേശാടനക്കിളികളെന്‍ മുന്നില്‍ ചടഞ്ഞുകൂടി;
അരിച്ചിറങ്ങുന്ന തണുപ്പകറ്റുവാന്‍,
ആത്മാവില്‍ ഭ്രാന്ത് പടര്‍ത്തുവാന്‍,
കഞ്ചാവ് പുകയ്ക്കുന്നു.
ആപ്പീസ് വിട്ടു കൂട്ടിലെ കുഞ്ഞിനായ്‌ തീറ്റ-
കൊത്തിപ്പറക്കും തരുണിതന്‍ കൂന്തലില്‍
കുടുങ്ങിപ്പിടഞ്ഞമര്‍ന്നു കരിഞ്ഞോരാമുല്ലകള്‍;
എന്‍ കണ്‍കളില്‍ നനവു പടര്‍ത്തവേ...
കണ്ടറിഞ്ഞു ഞാന്‍ ജീവിതം!
എന്നും തിരക്കിട്ടുപായുന്ന, ഉള്ളില്‍ അഗ്നിപുകയുന്ന,
ഭ്രാന്തമായ് കുതിക്കുന്ന, തീ തുപ്പും ശകടമോ?!.
ചിന്തകള്‍ ചീന്തുകള്‍ ദ്വീപാക്കി മാറ്റിയ
തീവണ്ടിമുറിയില്‍ തീരമണയാന്‍...
എന്‍ ആത്മാവ് തുഴയാവേ..
ശമനതാളമായ്‌, ഭ്രാന്തായ്‌ ,ആര്‍ത്തലച്ച്
മുന്നോട്ടു നീങ്ങി എന്‍ കണ്ണ് പൊത്താന്‍;
കണ്ണില്‍ തിമിരത്തിന്‍ മഷി പുരട്ടാന്‍, രാവണഞ്ഞു.
രാവിന്‍റെ കാളിമയില്‍ തെല്ല് സാന്ത്വനം തേടി ഞാന്‍...
എന്‍ മിഴികള്‍ പൂട്ടി; ഞാന്‍ എന്നിലേക്ക്,
എന്നിലെ എന്നിലേക്കുള്‍വലിഞ്ഞു ഞാന്‍...!!!


( ‘തീവണ്ടി മുറിയിലെ സന്ധ്യ’ എന്ന വിഷയത്തെ ആസ്പദമാക്കി കലാലയ കാലഘട്ടത്തില്‍ എഴുതിയ വരികള്‍; ചിതലരിച്ചു തുടങ്ങിയ ‘സ്മൃതി’യുടെ താളില്‍
നിന്നും.)

Wednesday, December 21, 2011

:::: ക്രിസ്മസ് ഗാനം :::::



ആകാശ വീഥിയില്‍ താരം
ഒളിചിന്നി വഴികാട്ടിയായി
സ്വര്‍ഗീയസ്നേഹത്തിന്‍ നാദം
രാവില്‍ ആമോദ രാഗം നിറച്ചു (2)


കാലിത്തൊഴുത്തിലായ്‌ ദേവന്‍
മര്‍ത്യ മാനസം നേടാന്‍ പിറന്നൂ
ഇടയന്റെ വേണുവില്‍ നിന്നും
നിത്യരക്ഷതന്‍ നാദം ഉതിര്‍ന്നൂ (ആകാശ...


പാലോളി തൂകുന്നു തിങ്കള്‍
പാരിതില്‍ സ്നേഹം പിറന്നൂ
പുല്‍ത്തൊട്ടി തന്നിലായ്‌ നാഥന്‍
പുത്തന്‍ എളിമതന്‍ പാഠം കുറിച്ചൂ (ആകാശ...

Sunday, December 18, 2011

വഴിപോക്കന്‍


ഒരു ചിരി ഞാന്‍ കരുതിവെക്കാം

നീ വരുമ്പോള്‍ എന്‍ മനം മൂടാന്‍.

മാനം മൂടിയ മേഘക്കീറില്‍ മഴ

ഒളിച്ചിരിക്കുംപോല്‍, ഉഷ്ണ-

ക്കാറ്റില്‍ നീരാവിക്കണം പോല്‍;

പെയ്യാത്ത മഴയുടെ കുളിര്‍

സിരകളില്‍ ഉഷ്ണമാറ്റുമ്പോള്‍,

മുളയ്ക്കാന്‍ വിറപൂണ്ട വിത്ത്‌

മണ്ണില്‍ മുഖം പൂഴ്ത്തുംപോല്‍,

വഴിമറന്നൊരു വസന്തമായ്‌..

വെറുതെ നിനച്ചിരിപ്പൂ;

ഇരുണ്ട വഴിയുടെ അങ്ങേ-

ത്തലയ്ക്കല്‍ ഒരു തിരിനാളമായ്‌

നീ തെളിയുന്നതും തിളങ്ങുന്ന

നിന്മിഴിദീപങ്ങള്‍ നക്ഷത്ര വെട്ടം

പരത്തുന്നതും കാത്ത് ഞാന്‍ ഇങ്ങ്

ഈ ചുമടുതാങ്ങിച്ചോട്ടില്‍

താന്തനായ്‌,പഥേയമില്ലാപ്പഥികനായ്‌....

ഒരു മഞ്ഞുകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്



കോടമഞ്ഞിന്‍ പുതപ്പണിഞ്ഞ

കൊടൈക്കനാലില്‍ നമ്മള്‍ കണ്ട

കാഴ്ചകള്‍ ഇന്നും മനസ്സില്‍

മഞ്ഞുമൂടിഒരു നേര്‍ത്ത നൊമ്പരമായ്.


മഞ്ഞിന്‍റെ മറവില്‍ നമ്മള്‍

കണ്ട വിടര്‍ന്ന കണ്ണുള്ള

ഷാള്‍വില്പ്പനക്കാരിയെ ആരും

കാണാതെ കണ്ണിറുക്കി കാട്ടിയത്;

എന്നിട്ട് തെല്ലിട പൊട്ടിച്ചിരിച്ചത്.


കയ്യില്‍ കരുതിയ ക്യാമറയില്‍

നിന്‍ ചിത്രം പകര്‍ത്താന്‍ എന്ന

വ്യാജേന; മഞ്ഞചുരിദാര്‍ കാരിയെ

പകര്‍ത്തി നിര്‍വൃതി അടഞ്ഞത്.


ഒരിക്കലും വാടാത്ത പൂക്കുല

പേറിയപെണ്ണിന്‍ മുഖം വിളറി-

വാടുന്നത് വിശപ്പുകൊണ്ടാകാം!

എന്ന് നീ തപം പൂണ്ട്പറഞ്ഞതും.


പ്രകൃതി തണുപ്പിച്ച പഴങ്ങള്‍

പല്ലുമരവിപ്പിച്ചതും; പാട്ടും-

ബഹളവും ഉല്ലാസത്തിനു ചായം

പകര്‍ന്ന് ചങ്ങാതിച്ചിരികളായതും.


മഞ്ഞിന്‍ തണുപ്പ് നിന്‍ കര്‍ണ്ണത്തില്‍

നോവിന്‍റെ നീരിറ്റിച്ചതും; നോവാല്‍

എന്‍ തോളില്‍ ചാഞ്ഞ് മയങ്ങിയതും,

സൌഹൃദ സ്പന്ദനതാളമറിഞ്ഞതും.


ഒടുവില്‍ മഞ്ഞുകാലം കഴിഞ്ഞനേരം

വിടവാങ്ങല്‍ പറവകള്‍ ചിറകടിച്ചതും;

ജീവിത യാത്രയില്‍ വഴിപിരിഞ്ഞതും,

ഉല്ലാസയാത്ര ആല്‍ബത്തില്‍ പതിഞതും.


പിന്നെയും ചങ്ങാത്തം അക്ഷരഗന്ധം

പേറി ആശംസയായ്‌, കുശലമായ്,

എന്‍ വിലാസം തേടിയെത്തിയതും;

സഹൃദം നന്മയില്‍ വിളങ്ങിയതും.


ഒടുവില്‍ ചരമ കോളത്തില്‍ നീ

പുഞ്ചിരിതൂകി; നെഞ്ചില്‍കൊള്ളിയാന്‍

പോലുള്ള വാര്‍ത്തയായ് മറഞ്ഞതും,

മഞ്ഞുപോലെ നിന്‍ ജീവിതം പൊലിഞ്ഞതും.


എങ്കിലും നേര്‍ത്ത മഞ്ഞിന്‍ മറയില്‍ എന്‍-

മനോമുകുരത്തില്‍ ഇന്നും നിന്‍ തെളിഞ്ഞ

മുഖം സൌഹൃദ സ്മരണയായ്, നോവായ്‌,

കണ്‍കോണില്‍ ഒരു നനവിന്‍റെ കണികയായ്‌.....



[ ബിരുദ കാലഘട്ടത്തില്‍ എന്‍റെ കൂടെ പഠിച്ചിരുന്ന പ്രീയ സുഹൃത്ത് ശ്രീ സജിത് കുമാറിന്‍റെ സ്മരണകള്‍ക്ക് മുന്നില്‍ എന്‍റെ അശ്രുപൂജ. ഒടുവില്‍ ഒരു ഇരുചക്ര വാഹനാപകടത്തില്‍ ജീവിത യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു മടങ്ങിയ സുഹൃത്തിന് ആത്മശാന്തി നേര്‍ന്നു കൊണ്ട്.....]

Tuesday, December 13, 2011

ദോഷൈക ദൃക്ക്


ഒരു പ്രാവിന്‍ കൂട്ടത്തിന് നേരെ

യന്ത്ര തോക്കുകള്‍ ശാന്തി ഓതുന്നു;

കബന്ധങ്ങള്‍ കൂട്ടിവെച്ചു

മൈതാന മധ്യത്തില്‍ മൃത്യുഞ്ജയം.

ചീഞ്ഞ ശവങ്ങള്‍ക്ക് മേല്‍

അധികാരം സ്ഥാപിക്കാന്‍

അവയെ പുല്‍കുന്ന പതാകകള്‍

വനാന്തരത്തില്‍ നിന്നും മാന്‍പേട

സിംഹത്തെ തേടി നഗരത്തിലേക്ക്.

ദേശീയ ഗാനം കേട്ട് കര്‍ഷകന്‍

മരക്കൊമ്പില്‍ കഴുത്തുയര്‍ത്തി

ആദരവോടെ സല്യൂട്ട് ചെയ്യുന്നു.

വിപ്ലവം ഉറക്കം കെടുത്തിയപ്പോള്‍;

വിപ്ലവകാരി ബലികുടീരം തകര്‍ത്ത്

വഴിയരുകില്‍ സുവിശേഷം പ്രസംഗിക്കുന്നു.

നെരിപ്പോട്


അശാന്തിയുടെ ശരശയ്യ..
നിശാഗന്ധി വിടരാന്‍ മറന്നു,
രാപ്പാടിക്ക് താളം പിഴക്കുന്നു,
തിര തീരത്തെ മറക്കുന്നു,
നിദ്രാദേവത തടവറയില്‍ .
നിലാവ് സാക്ഷി പറയില്ല;
വഴിവിളക്കിന് വഴിതെറ്റുന്നു!,
ചൂണ്ടുപലക വിരല്‍ മടക്കുന്നു..
കാറ്റിന്‍റെ കയ്യില്‍ നഖമുന

സംഗമം തേടുന്ന സമാന്തരങ്ങള്‍

നെറിവില്ലാ ഹൃദയം കുമ്പസാരിക്കുന്നു

നന്മയുടെ അവസാനകണം ഈ

പുല്‍ക്കൊടിത്തുമ്പിനെ പുണര്‍ന്നു നിന്നെങ്കില്‍....!!!

Monday, December 5, 2011

വെളിപാട്


ഞാന്‍ യുദാസ്സിനെ കണ്ടു

ഒറ്റുകാരന്‍ യൂദാസ്സിനെ.

തെറ്റുകള്‍ ക്ഷമിക്കുന്ന

സത്യത്തിനെ ഒറ്റിക്കൊടുത്ത;

പണക്കൊതിയന്‍ യൂദാസ്സിനെ.

തെറ്റില്ലാത്തവര്‍ കല്ലെറിയാന്‍;

കല്ല്‌ ഞാന്‍ മെല്ലെ താഴെയിട്ടു.

എന്തിനാ നീ ഒറ്റുകാരന്‍ ആയെ?

ചുംബനം കൊണ്ട് സ്നേഹത്തെ

കിലുങ്ങുന്ന വെള്ളി തുട്ടില്‍ നീ

കുരിശിന്‍ ചുവട്ടിലേക്ക് തള്ളിയിട്ടെ?!

ഉത്തരം പുച്ഛം കലര്‍ന്ന നോട്ടമായി,

നോട്ടം മൂര്‍ച്ച ഏറ്റിയ കാരിരുമ്പായ്,

പരിഹാസം കലര്‍ന്ന ഒരു ചിരിയായ്‌,

പൊടുന്നനെ യുദാസ് ഏറെ ചെറുതായി.

അല്ല സത്യം തിരിച്ചറിയുന്നു; ഞാന്‍

വലുതായതാ യൂദാസ്സിനെക്കാള്‍. !

എന്താ യൂദാസ് മറയുകയാണോ നീ?

ഉയരുന്നു എന്‍ ഒറ്റുകള്‍, തെറ്റുകള്‍

അവ ഞങ്ങള്‍ക്കിടയില്‍ മലപോല്‍ വളര്‍ന്നു.

ഒടുവില്‍ യുദാസ്സിന്‍റെ പരിഹാസ

ചിരിയുടെ അലകള്‍ മുഴങ്ങവേ

ഞാന്‍ ഉണര്‍ന്നു; സത്യത്തിലേക്ക്.

ഇതെന്‍റെ വെളിപാട് യൂദാസ്സിലൂടെ

എന്നെ കാണുന്ന എന്‍റെ വെളിപാട്...!

Saturday, November 26, 2011

ടീ ബാഗ്‌


അവര്‍ക്കായി ചഷകത്തിലെ

ഉഷ്ണത്തില്‍ ഞാന്‍

വല്ലാതെ പൊള്ളുമ്പോഴും

ഉള്ളില്‍ ഒരു നിര്‍വൃതി

എന്‍റെ ആത്മാവിന്‍റെ

നിറവും മണവും

ഞാന്‍ നേദിച്ചു

എന്‍ ജീവരക്തം

അവര്‍ക്കായി ഇറ്റി;

ഞെരിച്ചമര്‍ത്തി

എന്‍റെ അവസാന

തുള്ളിയും അവര്‍

സ്വന്തമാക്കി

ഇനി ഞാന്‍ എവിടേക്ക്

കുപ്പത്തൊട്ടിയില്‍

എറിയപ്പെടുന്നതും

കാത്ത് ഞാന്‍....

ഇര


സ്വപ്നങ്ങളുടെ ശവപ്പറമ്പില്‍

തുളസ്സികള്‍ പൂത്തിരിക്കുന്നു

ഒരു കോണില്‍

പ്രണയത്തിന്റെ കോമ്പല്ലുകള്‍

നിണം നുണഞ്ഞ മാറുമായി

അവള്‍ മിഴികള്‍ തുറന്ന്

ആരെയോ തിരയുന്നു

അങ്ങകലെ കരിഞ്ഞുണങ്ങിയ

ഒരു പനിനീര്‍പൂ നെടുവീര്‍പ്പുതിര്‍ത്തു;

അവളാണ് സാക്ഷി എല്ലാറ്റിനും

അവന്‍ ഹൃദയം തുറന്നതിനും

അവന്‍റെ ഉള്ളില്‍ കാമം

കത്തിജ്വലിച്ചതിനും

അതവളില്‍ പെയ്തിറങ്ങിയത്തിനും

എല്ലാം മൂക സാക്ഷി; അവനായ്‌

സ്വയം നേദിക്കുംപോള്‍ ഒരു

കയ്യില്‍ പ്രണയ സമ്മാനമായി

ഈ പൂവുണ്ടായിരുന്നു.

അവന്‍റെ കയ്യില്‍ അധുനീകതയുടെ തൃക്കണ്ണ്‍

തുറന്നിരുന്നു; ഇമകള്‍ ഇല്ലാത്ത കണ്ണ്

പ്രണയം അവളില്‍ അലകള്‍ ഉതിര്‍ത്തു

അവനില്‍ പ്രണയം ചോര്‍ന്നു

കാമം കരുത്തായ് നിറഞ്ഞു

പ്രണയത്തിന്റെ ഇതളുകള്‍ ഊര്‍ന്നു,

നീരില്ലാ കണ്ണ് കാഴ്ച്ചകള്‍ പകര്‍ത്തി

ആ കാഴ്ച്ചകള്‍ നീല പല്ലേറ്റു പിടഞ്ഞപ്പോള്‍

പ്രണയിനി ഒരു ചിറകറ്റ പറവയായ്‌

പറക്കാന്‍ ആവാതെ....തളര്‍ന്നു വീണു;

അപ്പോഴും തുറന്നിരുന്ന കണ്ണില്‍

പ്രണയം ഉണ്ടായിരുന്നു അവന്‍

കാണാതെ പോയ പ്രണയം

ശലഭം


പുഴുവായ ഞാന്‍

മനം മടുത്ത്

പ്യുപ്പയായി ഒളിച്ചതാ

ഉറങ്ങുക ആയിരുന്നു

എന്തിനെന്നെ ഉണര്‍ത്തി

ഈ അശാന്തിയിലേക്ക്

നീ എനിക്കെന്തിനീ

വര്‍ണ്ണച്ചിറകു തന്നൂ?

കണ്ടില്ലേ കണ്ണുകള്‍

എന്റെ ചോരയൂറ്റുന്നു

എന്റെ വര്‍ണ്ണക്കുപ്പായം

വലിച്ചുരിയുന്നൂ

തേനുണ്ണാന്‍ മലര്‍വാടിയുണ്ട്

എങ്കിലെന്താ എന്നെ കാക്കാന്‍

നീ എനിക്കെന്തു തന്നു?

എനിക്ക് പ്യുപ്പയാവണം

കുരുത്തക്കേട്


എന്റെ തൂലികയില്‍ ദുരാത്മാവു ബാധിച്ചു

സത്വം നഷ്ടപ്പെട്ട പുതുമയുടെ ദുരാത്മാവു; ഭീതിദം

ദംഷ്ട്ര കാട്ടി ഇളിക്കുന്നു; കൊലവിളി തുടരുന്നു

കാതില്‍ നേര്‍ത് നേര്ത്തില്ലാതെ ആവുന്നു ഒരു

ശരികപ്പയ്തലിന്‍ നന്മൊഴിപ്പൂവുകള്‍.

കണ്ടവര്‍ കേട്ടവര്‍ കാര്യം തിരക്കുന്നൂ

കണ്ടിട്ടും കാഴ്ചകള്‍ കണ്ണില്‍ തെളിയാതെ

കാഴ്ചകള്‍ക്കുള്ളിലെ കാഴ്ചകള്‍ തേടുന്നു

കേട്ടതെല്ലാം കര്‍ണ്ണത്തില്‍ തുളതീര്‍ത്തു പായുന്നു

പൊരുളുകള്‍ തിരയുന്നു കഥയില്ലാ കഥകളില്‍.

ചായം തെറിച്ച ക്യാന്‍വാസില്‍ ചിത്രം പിറക്കുന്നു

തിരിയാത്ത രൂപത്തെ മനസ്സില്‍ തിരയുന്നു

ചിത്രം ചിത്രകാരനെ നോക്കി കണ്ണിറുക്കുന്നു

രൂപങ്ങള്‍ തേടുന്ന വരകള്‍ പിക്കാസോയുടെ

കരങ്ങള്‍ വെട്ടാന്‍ കേസ് കൊടുക്കുന്നു

കണ്ണുകള്‍ നഷ്ടപ്പെട്ട ശില്‍പ്പങ്ങള്‍ കാതോര്‍ത്തിരിക്കുന്നു

പുരസ്ക്കാര മഞ്ഞനിറമുള്ള ലോഹത്തുണ്ടിനായ്‌;

അപ്പോഴും അങ്ങകലെ തൊടിയില്‍ ഗോട്ടി കളിക്കുന്നു

രാജാവ് നഗ്നനാന്നു പറഞ്ഞ കുരുത്തം കെട്ടവന്‍.

വാക്കുകള്‍


ഇടയ്ക്കു ഇടറുമ്പോള്‍ താങ്ങായി ചില വാക്കുകള്‍

എല്ലാരും പോകുമ്പോള്‍ തുണയായി ചില വാക്കുകള്‍

മറവിയില്‍ മായാന്‍ വിടാതെ ഓര്‍മ്മപ്പെടുത്തലായ് മറു വാക്കുകള്‍

ദൂരത്തെ താണ്ടി കാതങ്ങള്‍ കടനെത്തും ചില വാക്കുകള്‍

നൊമ്പരം പേറുന്ന വാക്കുകള്‍

ചുട്ടു പൊള്ളിക്കുന്ന വാക്കുകള്‍

കുറ്റപ്പെടുത്തുന്ന വാക്കുകള്‍

ഒറ്റപ്പെടുത്തുന്ന വാക്കുകള്‍

മഞ്ഞു പെയ്യിക്കുന്ന വാക്കുകള്‍

സൗഹൃദം പേറുന്ന വാക്കുകള്‍

പ്രണയം തുളുമ്പുന്ന വാക്കുകള്‍

പരിഭാവമായെത്തും വാക്കുകള്‍

ആരോപണമായും വാക്കുകള്‍

ശിക്ഷാ വിധിയായി വാക്കുകള്‍

ആവശ്യ രൂപേണ വാക്കുകള്‍

ആര്‍ദ്രത പേറുന്ന വാക്കുകള്‍

യാത്രാ മൊഴിയായ വാക്കുകള്‍

വാക്കുകള്‍ എന്നോട് ചോദിച്ചു

നിനക്കേതു വാക്കാണിതില്‍ ഏറെ ഇഷ്ടം?

'വില' ഇരുത്തല്‍


എനിക്കെന്നോ എവിടെയോ

എന്തൊക്കെയോ നഷ്ടമായിരിക്കുന്നു

നഷ്ടം ലാഭത്തിന്റെ വിപരീതമാണേല്‍

ലാഭം എന്താ?

കൂട്ടി കിഴിച്ച് ലാഭ നഷ്ടം നോക്കാന്‍

ഇതെന്താ കമ്പോള നിലവാരമോ?

നിലവാരത്തിന്റെ വാരം തകര്‍ന്നപ്പോള്‍

നിലയില്ലാതായതാ..

ഇപ്പോള്‍ ചുറ്റിലും മാന്ദ്യവും പ്രതിസന്ധികളുമാ

വര്‍ത്തമാന പത്രത്തിന്റെ താളുകളില്‍

അക്ഷരങ്ങള്‍ ചിതലുകളായി ഇഴഞ്ഞു തിരിയുന്നു

പോറല്‍ വീണ സ്ഫാടികത്തുണ്ട് മിഴികളില്‍ പുകമറ തീര്‍ക്കുന്നു.

മുഖത്തെ ജരയുടെ മറവില്‍ നര ഒളിച്ചു കളിക്കുന്നു

അങ്ങകലെ തൊടിയിലെ മാവില്‍ ഒരു ഊഞ്ഞാല്‍

ഒച്ചയുണ്ടാക്കി കരയുന്നു

മാവിന്‍ കൊമ്പിലെ അണ്ണാര കണ്ണന്‍ കൈവിട്ട മാമ്പഴം

നോക്കി കലപില കൂട്ടുന്നു.....

എന്റെ കേരളം


പീഡന പര്‍വ്വങ്ങള്‍ തുടരുന്ന കേരളം

സൌമ്യമാര്‍ പിന്നെയും പിടഞ്ഞു മരിക്കുന്നു

ക്രൌര്യത്തിന്‍ വിത്തുകള്‍ എങ്ങും മുളക്കുന്നു

കുട്ടിക്കരങ്ങളില്‍ രക്തം പുരളുന്നു

കള്ളവും ചതിയും തുടര്‍ക്കഥ ആവുന്നു

മലയാണ്മ സ്മരണയായ് മങ്ങി മറയുന്നു

ഭരണയന്ത്രങ്ങള്‍ തുരുമ്പിച്ചു തകരുന്നു

പൊതുജനം ഗര്‍ദ്ദഭ മുഖം മൂടിയാവുന്നു

മാവേലി ബിവരേജിന്‍ നിരയില്‍ മയങ്ങുന്നു

മദ്യത്തിന്‍ വിപണിയില്‍ മാന്ദ്യം മരിക്കുന്നു

മദ്യത്തിന്‍ ലഹരിയില്‍ മലയാളി ചിരിക്കുന്നു

മാധ്യമക്കഴുകന്മാര്‍ നായാട്ടു തുടരുന്നു

ധര്‍മ്മത്തിന്‍ ശവമഞ്ചം ഉപചാരം തേടുന്നു

അധര്‍മ്മം ആചാര വെടിയായി മുഴങ്ങുന്നു

തൂലിക വാളിനു വഴിമാറി നില്‍ക്കുന്നു