Monday, August 22, 2016

ഓണസ്മൃതികൾ


ഓണമിങ്ങെത്താറായ് ഓമലാളെ
പാണന്റെ ചേലുള്ള ശീലുകേൾപ്പൂ

തുമ്പികൾ പാറിക്കളിക്കുന്ന തൊടിയിലെ
തുമ്പകൾ പുഞ്ചിരിപ്പൂക്കൾ വിടർത്തുന്നു

മുക്കൂറ്റി വ്രീളാവിവശയായ് നിൽക്കുന്നു
ചിത്രപതംഗങ്ങൾ മധുവുണ്ട് പാറുന്നു

തെന്നലിൻ  കൈകളിൽ താലോലമാടുന്നു
തെച്ചിയും പിച്ചകപൂവല്ലിയും  

തുളസിക്കതിരുകൾ തൂമണം തൂവുന്നു
മന്ദാരപ്പൂവുകൾ മന്ദഹസിക്കുന്നു

തൊടിയിലെ പൂമരകൊമ്പത്തിരുന്നൊരാ
കോകിലം കൂജനരാഗമുതിർക്കുന്നു

തെക്കേത്തൊടിയിലെ തേന്മാവിൻകൊമ്പത്ത്
അണ്ണാറക്കണ്ണന്മാർ മാന്തളിർകിള്ളുന്നു

തൂക്കണാംകുരുവികൾ ചേക്കേറാനെത്തുന്ന
തെങ്ങോല കയ്യുകൾ വീശിനിന്നീടുന്നു

പൂവിളിഉയർത്തണം പൂക്കളമൊരുക്കണം
പൊന്നിൻകസവുള്ള ചേലയുടുക്കേണം

തൂശനിലയിൽ വിളമ്പിനിരത്തുവാൻ
നാവിൽകൊതിയൂറും സദ്യയൊരുക്കേണം

കൈകൊട്ടിക്കളികളും തിരുവാതിരപ്പാട്ടും
ഒരുവട്ടംകൂടിയെൻ ഉള്ളംനിറയ്ക്കണം

പോയകാലത്തിൻറെ  പുണ്യങ്ങളൊക്കെയും
ഓണസ്മൃതികളായ് വീണ്ടുംപിറക്കണം...

Wednesday, August 10, 2016

വഴിമറന്നുവോ...













വഴിമറന്നുവോ വർഷമേഘമേ നീ
ഹർഷമെല്ലാം പോയ്മറഞ്ഞെന്നിൽ
ഒരു പരിഭവപ്പെരു മഴയായെൻറെ
ഉഷ്ണമാറ്റാൻ അണയുമോ വീണ്ടും...
                                                                          [വഴിമറന്നുവോ...

നിന്റെ കാൽച്ചിലമ്പൊലി കേട്ടുണരണം
എന്നോ കണ്ണടച്ചൊരീ മൺചെരാതിന്
പൊന്നൊളിയിൽ നീ നടനമാടുമ്പോൾ
കണ്ണിമയ്ക്കാതെ കണ്ടങ്ങിരിക്കണം
                                                                          [വഴിമറന്നുവോ...

പോയ്മറഞ്ഞോരു  പൂക്കാലമെല്ലാം
പൂക്കൂടയേന്തി ത്തിരികെയെത്തേണം
പൂമരത്തിന്റെ പൂഞ്ചില്ലയൊന്നിൽ
പൂങ്കിളികളായ് കൂടൊരുക്കേണം
                                                                          [വഴിമറന്നുവോ...

രാഗവായ്‌പിൽ നീ മൂളുന്ന ഈണത്തിൻ
ശീലു കേട്ടെന്റെ നെഞ്ചം കുളിർക്കണം
നിൻ വിരലെന്നുടെ കൂന്തലുഴിയുമ്പോൾ
നിൻ മടിത്തട്ടിൽ വീണു മയങ്ങേണം
                                                                          [വഴിമറന്നുവോ...