Monday, August 22, 2016

ഓണസ്മൃതികൾ


ഓണമിങ്ങെത്താറായ് ഓമലാളെ
പാണന്റെ ചേലുള്ള ശീലുകേൾപ്പൂ

തുമ്പികൾ പാറിക്കളിക്കുന്ന തൊടിയിലെ
തുമ്പകൾ പുഞ്ചിരിപ്പൂക്കൾ വിടർത്തുന്നു

മുക്കൂറ്റി വ്രീളാവിവശയായ് നിൽക്കുന്നു
ചിത്രപതംഗങ്ങൾ മധുവുണ്ട് പാറുന്നു

തെന്നലിൻ  കൈകളിൽ താലോലമാടുന്നു
തെച്ചിയും പിച്ചകപൂവല്ലിയും  

തുളസിക്കതിരുകൾ തൂമണം തൂവുന്നു
മന്ദാരപ്പൂവുകൾ മന്ദഹസിക്കുന്നു

തൊടിയിലെ പൂമരകൊമ്പത്തിരുന്നൊരാ
കോകിലം കൂജനരാഗമുതിർക്കുന്നു

തെക്കേത്തൊടിയിലെ തേന്മാവിൻകൊമ്പത്ത്
അണ്ണാറക്കണ്ണന്മാർ മാന്തളിർകിള്ളുന്നു

തൂക്കണാംകുരുവികൾ ചേക്കേറാനെത്തുന്ന
തെങ്ങോല കയ്യുകൾ വീശിനിന്നീടുന്നു

പൂവിളിഉയർത്തണം പൂക്കളമൊരുക്കണം
പൊന്നിൻകസവുള്ള ചേലയുടുക്കേണം

തൂശനിലയിൽ വിളമ്പിനിരത്തുവാൻ
നാവിൽകൊതിയൂറും സദ്യയൊരുക്കേണം

കൈകൊട്ടിക്കളികളും തിരുവാതിരപ്പാട്ടും
ഒരുവട്ടംകൂടിയെൻ ഉള്ളംനിറയ്ക്കണം

പോയകാലത്തിൻറെ  പുണ്യങ്ങളൊക്കെയും
ഓണസ്മൃതികളായ് വീണ്ടുംപിറക്കണം...

Wednesday, August 10, 2016

വഴിമറന്നുവോ...













വഴിമറന്നുവോ വർഷമേഘമേ നീ
ഹർഷമെല്ലാം പോയ്മറഞ്ഞെന്നിൽ
ഒരു പരിഭവപ്പെരു മഴയായെൻറെ
ഉഷ്ണമാറ്റാൻ അണയുമോ വീണ്ടും...
                                                                          [വഴിമറന്നുവോ...

നിന്റെ കാൽച്ചിലമ്പൊലി കേട്ടുണരണം
എന്നോ കണ്ണടച്ചൊരീ മൺചെരാതിന്
പൊന്നൊളിയിൽ നീ നടനമാടുമ്പോൾ
കണ്ണിമയ്ക്കാതെ കണ്ടങ്ങിരിക്കണം
                                                                          [വഴിമറന്നുവോ...

പോയ്മറഞ്ഞോരു  പൂക്കാലമെല്ലാം
പൂക്കൂടയേന്തി ത്തിരികെയെത്തേണം
പൂമരത്തിന്റെ പൂഞ്ചില്ലയൊന്നിൽ
പൂങ്കിളികളായ് കൂടൊരുക്കേണം
                                                                          [വഴിമറന്നുവോ...

രാഗവായ്‌പിൽ നീ മൂളുന്ന ഈണത്തിൻ
ശീലു കേട്ടെന്റെ നെഞ്ചം കുളിർക്കണം
നിൻ വിരലെന്നുടെ കൂന്തലുഴിയുമ്പോൾ
നിൻ മടിത്തട്ടിൽ വീണു മയങ്ങേണം
                                                                          [വഴിമറന്നുവോ...  

Sunday, March 1, 2015

വസന്തഗീതം..


ലില്ലിപ്പൂവേ നീയും, നാണം കൊള്ളുകയാണോ
മോഹത്താഴ് വരയാകെ  പൂക്കാലത്തിന്‍ നൃത്തം
മധുപന്‍ അണയും ചാരെ മനസ്സില്‍ മധുകിനിയിക്കാന്‍
മലരേ നീയും വെമ്പല്‍ പൂണ്ട് നില്‍ക്കുകയാണോ...
                                                              [ലില്ലിപ്പൂവേ നീയും...
മധുമാസത്തില്‍ മാനസമൊന്നായ് പാടുകയാണോ
മഞ്ഞക്കിളിയെ നീയും ശീലുകള്‍ മൂളുകയാണോ
താഴ് വരയാകെ പൂക്കാലത്തിന്‍ കംബളമിട്ടു
താളം തട്ടി കാറ്റും കൂടെ കൂടുകയാണോ
                                                             [ലില്ലിപ്പൂവേ നീയും...

ഓര്‍മ്മച്ചിമിഴില്‍ നിന്മിഴി നാളം തെളിയുന്നേരം
നെയ്ത്തിരി കത്തും പൊന്പ്രഭയെന്നില്‍ നിറയുകയായി
മംഗല്യത്തിന്‍ പല്ലക്കില്‍ നീ അണയും നേരം
ചാര്‍ത്താം ഞാനെന്‍ സ്വപ്നം കോര്‍ത്തൊരു പൂത്താലി...
                                                             [ലില്ലിപ്പൂവേ നീയും...

Saturday, March 8, 2014

വേരുകള്‍


ചക്കരയുമ്മ തരുമായിരുന്ന മുത്തശ്ശന്‍ പോയപ്പോള്‍
കൂടെ തെക്കോട്ട്‌ പോയി
ചക്കരമാമ്പഴം പൊഴിച്ച്നിന്ന തേന്മാവ്

അടിവാരം തോണ്ടിയപ്പോള്‍ അടിവേര് കണ്ടതിനാല്‍
പിഴുതെറിയപ്പെട്ടു ചില ഇളനീര്‍ സ്മരണകള്‍

മുറ്റത്തെ ആഞ്ഞിലി കട്ടിളവെപ്പിന്‍ ദിനം സ്ഥാനമേറ്റു

തേനൂറും വരിക്കച്ചുള നല്‍കിയ പ്ലാവിന്‍ കാതല്‍
പുതിയവീടിന്‍ പ്രധാന കവാടത്തിനു കാവലാളായ്

ഇരിപ്പിടമൊരുക്കി സ്വീകരണ മുറിയില്‍
തൊടിയില്‍ തളിരിട്ടു നിന്ന പൂവരശു...

അങ്ങനെ അറുത്തുമാറ്റി ഞാനെന്‍ പൈതൃകത്തിന്‍
കടവേരുകള്‍ ....


വരണം നിങ്ങളും നവഗൃഹപ്രവേശന നാളില്‍ ...

Wednesday, February 5, 2014

ഗസല്‍



കനലെരിയുന്നോരെന്‍ കരളില്‍
നീ മധുമഴയായ് പെയ്തിന്നു നിറയൂ
മമ നൊമ്പരത്തിന്റെ തിരയടക്കാനിന്നു
മലര്‍മന്ദഹാസമായ് അണയൂ... മല്സഖീ...
മലര്‍മന്ദഹാസമായ് അണയൂ

പൂക്കാത്ത വാകതന്‍ ശാഖയില്‍ ഞാനിന്നു
പാടാന്‍ മറന്നൊരു രാപ്പാടിയായ് 
കൂടൊരുക്കാനായി നീയണയുന്നതും
കനവു കണ്ടിങ്ങനെ കാത്തിരിപ്പൂ... മല്സഖീ...
കനവു കണ്ടിങ്ങനെ കാത്തിരിപ്പൂ

എന്‍റെ കിനാക്കളില്‍ പൂക്കാലമേകാനായ്
എന്മനതാരില്‍  മകരന്ദമാവാനായ്
ഒടുവിലീ വിരഹത്തിന്‍ നദിതാണ്ടിയെത്തുന്ന
പുലരിത്തുടുപ്പായ് നീ അണയൂ...  മല്സഖീ...  
പുലരിത്തുടുപ്പായ് നീ അണയൂ 

കിസലയതുല്യമാം അന്ഗുലിത്തുമ്പാലെ
ആത്മാവിനെ തൊട്ടുണര്‍ത്തൂ  എന്നുടെ
നെറുകയില്‍ ഇറ്റുന്ന തൂമഞ്ഞിന്‍ തുള്ളിപോല്‍
സിരകളില്‍ നീ കുളിരേകൂ... മല്സഖീ...
സിരകളില്‍ നീ കുളിരേകൂ


Tuesday, October 16, 2012

ഭ്രമണം

തട്ടിത്തെറിപ്പിച്ച
പൂക്കൂടയിലെ
പൂക്കള്‍ പുലമ്പുന്നു;
ഇനിയൊരു പൂക്കാലം
നിനക്കന്യമാവട്ടെ...
ശാപഗ്രസ്തമായ
ഇരുണ്ട വഴികളില്‍
വിജനതയുടെ മൌനം
താണ്ടാന്‍, തളര്‍ന്ന
ചിറകുകള്‍ വീശി
ഇനിയെത്ര കാതം?!
ദിഗന്തങ്ങള്‍ നടുക്കുന്ന
ഇരംബങ്ങളെല്ലാം
മനസ്സില്‍ ഉരുവായി
കാതിലൊടുങ്ങുന്നു.
അപ്പോഴും നീ
കേള്‍ക്കാത്ത ഈണങ്ങള്‍
പൂമരച്ചോട്ടില്‍ നിനക്കായി
പെയ്തു തോരുന്നുണ്ടായിരുന്നു...
ഇനിയൊരു ഭ്രമണം
കഴിഞ്ഞു  വരുംന്നേരം;
ഈ നാദത്തിന്‍ അലകള്‍
ഒടുങ്ങാതിരുന്നെങ്കില്‍...!

വിഹ്വലതകള്‍

ചുറ്റപ്പെട്ടവരുടെയിടയില്‍
ഒറ്റയായൊഴുകിയപ്പോഴും
തൂവല്‍ കൊഴിച്ച് പറന്നകന്ന
ദിനപ്പറവയെ നോക്കി
ഇരവണയുന്നതും പാര്‍ത്ത്

അലകള്‍ അടങ്ങാത്ത തീരത്ത്‌
അരുണിമ പടര്‍ത്തിയ സന്ധ്യ-
തന്‍ കവിളിലെ കുങ്കുമച്ചാര്‍ത്തില്‍
വിരല്‍ മുക്കി വരച്ചതെന്‍ ഹൃദയം...

എന്നോര്‍മ്മതന്‍ നഭസ്സിലെ
മേഘപാളികളില്‍ പെയ്യാതെ
ഘനീഭവിച്ച ഹൃദയ സ്പന്ദനങ്ങള്‍
ഉഷ്ണപ്പറവകള്‍ റാഞ്ചിപ്പറക്കുന്നു.

ശിഥില ബിംബങ്ങള്‍ ചേര്‍ത്തു
വൈരൂപ്യത്തിന്റെ മൂശയില്‍
എനിക്കൊരു രൂപം മെനയണം;
ഉടച്ചും വാര്‍ത്തും അതിനായ്‌...

പൂക്കാത്ത കൊമ്പിന്‍ ചോട്ടില്‍
കൊഴിഞ്ഞ വസന്തത്തിന്‍റെ
ഊഷരതയുടെ പുതപ്പിനടിയില്‍
ഇനിയെനിക്കൊന്നുറങ്ങണം...

മറ്റൊരു പുലരിതന്‍ പുഞ്ചിരി
വന്നെന്നെ തൊട്ടുണര്‍ത്തുംവരെ...